അഴിമതിക്കാരെ കുടുക്കാൻ സി.ബി.ഐ- വിജിലൻസ് സഖ്യം സി.ബി.ഐ രഹസ്യ വിവരങ്ങൾ കൈമാറി

തിരുവനന്തപുരം: അഴിമതി തടയാനും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനും സി.ബി.ഐയുമായി കൈകോർത്ത് വിജിലൻസ്. സി.ബി.ഐ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രാപ്പ് ഓപ്പറേഷനിലൂടെ കൈക്കൂലിക്കാരെ കുടുക്കാൻ കഴിയും. രഹസ്യാന്വേഷണം നടത്തുന്നതിൽ പരിമിതിയുള്ള വിജിലൻസിന് സി.ബി.ഐയുമായുള്ള സഹകരണം നേട്ടമാണ്.
കേന്ദ്ര ഉദ്യോഗസ്ഥരുടെ അഴിമതി സി.ബി.ഐ സ്വമേധയാ പിടികൂടുമായിരുന്നു. കേസെടുക്കാൻ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതോടെ അത് നിലച്ചു. ഓരോ കേസിനും അനുമതി തേടണം. മിക്ക അപേക്ഷകളും നിരസിക്കുകയാണ്. കുറ്റപത്രം നൽകിയാലും പ്രോസിക്യൂഷന് അനുമതി കിട്ടുന്നില്ല.
വിജിലൻസിനും കേസെടുക്കാൻ സർക്കാരിന്റെ അനുമതി വേണമെങ്കിലും കൈക്കൂലിക്കാരെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകൾക്ക് അതിന്റെ ആവശ്യമില്ല. അതിൽ കേസെടുക്കാനും അനുമതിവേണ്ട. ഈ സാഹചര്യത്തിലാണ് അഴിമതിവിവരങ്ങൾ സി.ബി.ഐ വിജിലൻസിന് കൈമാറുന്നത്.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടിജനറൽ മാനേജർ അലക്സ് മാത്യുവിനെക്കുറിച്ച് വിജിലൻസിന് ആദ്യം വിവരം നൽകിയത് സി.ബി.ഐയാണ്.
ഇ.ഡിയും വിജിലൻസുമായി സഹകരിക്കുന്നുണ്ട്. അഞ്ചുവർഷം സി.ബി.ഐയിലും ഏഴുവർഷം ഇ.ഡിയിലും പ്രവർത്തിച്ച വിജിലൻസ് മേധാവി യോഗേഷ്ഗുപ്തയുടെ ഉന്നതബന്ധങ്ങളാണ് സഹകരണത്തിന് വഴിതുറന്നത്.
സി.ബി.ഐ സംവിധാനം വിപുലം
# ഫോൺ ചോർത്തിയും സ്വത്ത് വിവരങ്ങൾ ശേഖരിച്ചുമാണ് സി.ബി.ഐ അഴിമതിക്കാരെ തിരിച്ചറിയുന്നത്.
വിവരങ്ങൾ രഹസ്യമായി ശേഖരിക്കാൻ സി.ബി.ഐയ്ക്ക് വിപുലമായ സംവിധാനമുണ്ട്. ഡിജിറ്റൽ നിരീക്ഷണത്തിനുമാകും.
#വിജിലൻസിന് ഫോൺചോർത്താൻ അനുമതിയില്ല. കേന്ദ്രഉദ്യോഗസ്ഥർക്കെതിരെ രഹസ്യാന്വേഷണത്തിനും പരിമിതിയുണ്ട്. പുതിയ ക്രിമിനൽ നിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമിക തെളിവുകളാണ്. കോഴയാവശ്യപ്പെടുന്നതടക്കം സി.ബി.ഐ ശേഖരിക്കുന്ന ഡിജിറ്റൽതെളിവുകൾ നിർണായകമാവും.
കോർപ്പറേറ്റ് തട്ടിപ്പും
കണ്ടെത്താം
1.കോർപ്പറേറ്റ് തട്ടിപ്പുകൾ കണ്ടെത്താൻ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയം വിജിലൻസുമായി സഹകരിക്കുന്നുണ്ട്
2.കോർപ്പറേറ്റ് മാനേജ്മെന്റ് ഡേറ്റാബേസ് നിരീക്ഷിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചിട്ടുണ്ട്
3.ഒരാളുടെ പേരിൽ എത്രകമ്പനിയുണ്ടെന്ന് വേഗത്തിലറിയാം. ഫയലുകൾ പരിശോധിച്ച് വിവരങ്ങൾ രണ്ടുദിവസം കൊണ്ട് ശേഖരിക്കാം
`അഴിമതി തടയുന്നതിന് കേന്ദ്രഏജൻസികളുടെ സഹകരണം കിട്ടുന്നുണ്ട്. കൈക്കൂലിക്കാരായ ഉന്നതഉദ്യോഗസ്ഥരെയും ഇനി പിടികൂടും. കേന്ദ്രഉദ്യോഗസ്ഥരടക്കം നിരീക്ഷണത്തിലാണ്.’
-യോഗേഷ്ഗുപ്ത,
വിജിലൻസ് മേധാവി
Source link