ഷാബാ ഷരീഫ് വധം: 3 പേർ കുറ്റക്കാർ; വിധി മൃതദേഹം കണ്ടെത്താത്ത കേസിൽ

മലപ്പുറം∙ പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ജഡ്ജി എം.തുഷാർ ശിക്ഷ നാളെ വിധിക്കും. കേസിലെ 13 പ്രതികളെ വിട്ടയച്ചു. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്(37), രണ്ടാം പ്രതി ഷൈബിന്റെ മാനേജർ വയനാട് സുൽത്താൻ ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ്(32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഒന്നാം പ്രതി ഷൈബിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. ഷിഹാബുദ്ദീനും നിഷാദിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, തടങ്കലിലിൽ പാർപ്പിക്കൽ, തെളിവു നശിപ്പിക്കൽ എന്നിവയും തെളിഞ്ഞു. കേസിൽ ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. ഒരു പ്രതി ഒളിവിലിക്കെ മരിച്ചു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.മൃതദേഹം കണ്ടെത്താത്ത കേസിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസിൽ കുറ്റം തെളിയിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോർത്താൻ ഷാബ ഷരീഫിനെ മൈസുരുവിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടു വന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചെന്നും 2020 ഒക്ടോബർ 8 ന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. 2023 ഫെബ്രുവരി മുതലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
Source link