KERALAM

വൻകിടപദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം നഷ്‌ടപ്പെട്ടവരെ ചേർത്തുനിർത്തുകയും ചെയ്യുമെന്ന് സർക്കാർ

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണം മൂലം ജീവനോപാധി നഷ്ടപ്പെട്ടവരുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ തുടരുമെന്നും എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയുള്ള അപ്പീൽ കമ്മിറ്റിയും മൊണിട്ടറിങ്ങ് കമ്മിറ്റിയും അവയുടെ പ്രവർത്തനം തുടരും. പ്രദേശവാസികളുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ പ്രാദേശിക മോണിറ്ററിംഗ് കമ്മറ്റിയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റിയുമാണ് നിലവിലുള്ളത്. ഇനിയുള്ള കാര്യങ്ങളും അവർ പരിശോധിക്കുകയും ആവശ്യങ്ങൾക്ക് പരിഹാരം കണ്ടത്തുകയും ചെയ്യും.


നഷ്ടപരിഹാരം നൽകി എല്ലാം അവസാനിപ്പിക്കുക എന്നതല്ല സർക്കാരിന്റെ രീതി. വൻകിട പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം അതിനുവേണ്ടി പലതും നഷ്ടപ്പെടുത്തുന്ന ജനതയെ കൂടെ കരുതലോടെ ചേർത്തു നിർത്തുന്നതിൽ പ്രതിജ്ഞാബന്ധമായ സർക്കാരാണിത്. നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ നടപ്പിലാക്കിയിരിക്കും.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ നാളിതുവരെ 107.28 കോടി രൂപ സംസ്ഥാന സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. 2700 പേരാണ് ഇതുവരെ നഷ്ടപരിഹാരം സർക്കാരിൽ നിന്ന് സ്വീകരിച്ചത്. 284 പേർക്കായി 8.76 കോടി രൂപയാണ് ഇന്നലെ വിതരണം ചെയ്തത്.


വിഴിഞ്ഞ തുറമുഖത്തിന്റെ അടുത്തഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നാംഘട്ടത്തിന്റെ കമ്മീഷനിങ്ങ് കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ കമ്മീഷനിങ്ങ് നടത്താൻ കഴിയും എന്നാണ് കരുതുന്നത്. ഇതിന് പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഡേറ്റ് ലഭിക്കേണ്ട കാലതാമസം മാത്രമേയൊള്ളു.
അതിനൊപ്പം റെയിൽ,റോഡ് വികസന പദ്ധതികളും യാഥാർത്ഥ്യമാവും. അതിനുളള നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.


മത്സ്യ തൊഴിലാളികൾക്ക് നൽകാനുള്ള മുഴുവൻ നഷ്ടപരിഹാരവും നൽകുമെന്നും അവർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മത്സ്യ ബന്ധന വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ പറഞ്ഞു. എ വിൻസന്റ് എം എൽ. എ , തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ: എ കൗശികൻ, വി സിൽ മാനേജിങ്ങ് ഡയറക്ടർ ദിവ്യ എസ് അയ്യർ, കൗൺസിലർമാരായ നിസാമുദീൻ, പനിയടിമജോൺ, കോട്ടപ്പുറം ഇടവക വികാരി നിക്കോളാസ് തർസിയൂസ്, ജമാഅത്ത് പ്രസിഡന്റ് മുഹമദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.


Source link

Related Articles

Back to top button