‘വീൽസ് എഗെയ്ൻസ്റ്റ് ഡ്രഗ്‌സ്’ ബുള്ളറ്റ് റാലി നടന്നു; ‘യുണൈറ്റ് എഗൈൻസ്റ്റ് ഡ്രഗ്സ്’ സന്ദേശവുമായി എമ്പുരാൻ

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ലഹരി വ്യാപനത്തിനെതിരെ വമ്പൻ ബുള്ളറ്റ് റാലി. ‘എംപുരാൻ’ സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട് വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻടെ ഭാഗമായാണ് കൊച്ചി നഗരത്തിലും ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്. ജെയിന്‍ യൂണിവേഴ്സിറ്റിയുടേയും ജോയ് ആലുക്കാസിന്റെയും സഹകരണത്തോടെ ‘മനോരമ ഓൺലൈനാ’ണ് 100ൽ അധികം ബുള്ളറ്റുകള്‍ നിരന്ന റാലിക്ക് നേതൃത്വം നൽകിയത്. ജോയ് ആലുക്കാസിന്റെ എംജി റോഡിലുള്ള ഷോറൂമില്‍ നിന്ന് കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റിയിലേക്കായിരുന്നു ‘യുണൈറ്റ് എഗൈൻസ്റ്റ് ഡ്രഗ്സ്’ റാലി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയും ജോയ് ആലുക്കാസും ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നാണ് ലഹരി വ്യാപനമെന്ന് കെ.മീര പറഞ്ഞു. ഇന്നത്തെ യുവതലമുറ ലഹരി ഉപയോഗം സാധാരണമെന്നതു പോലെയാണ് കണക്കാക്കുന്നത്. അവർക്ക് അതാണ് ‘കൂൾ’ ആയിട്ട് തോന്നുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരൊക്കെ ‘അൺകൂൾ’ ആയിട്ടുള്ളവരും ‘തന്തവൈബു’മാണ് അവർക്ക്. ഇതിനൊക്കെ എതിരെ ഒരുകൂട്ടം ബൈക്കർമാർ ഇറങ്ങിയതാണ് യഥാർഥ ‘കൂൾ’ എന്ന് മീര പറഞ്ഞു. ഒരു മെക്കാനിക്കൽ എഞ്ചിനീയർ കൂടിയായ തനിക്ക് ബുള്ളറ്റിനോടുണ്ടായിരുന്ന ഇഷ്ടവും അവര്‍ ചടങ്ങിൽ പങ്കുവച്ചു.
Source link