ഇനി അന്വേഷണം യാസിറിന്റെ ലഹരി ഇടപാടുകളിലേക്ക്; ചുരത്തിലെ ‘പൊലീസില്ലായ്മ’ മുതലെടുത്ത് ലഹരി മാഫിയ

താമരശ്ശേരി∙ ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യാസിർ കൃത്യം ചെയ്തപ്പോൾ ലഹരി ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇയാളുടെ ലഹരി ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ്. യാസിർ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിനും ഇക്കാര്യം അറിയാമെന്നും അവർ പറഞ്ഞു. ഷിബിലയുമായുള്ള വിവാഹത്തിനു മുൻപ് തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം ബന്ധുക്കൾക്ക് അറിയാമായിരുന്നതിനാലാണ് ഇവരുടെ ബന്ധം എതിർത്തത്. എന്നാൽ അതു കൂട്ടാക്കാതെ ഷിബില യാസിറിനൊപ്പം പോകുകയായിരുന്നു.ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് ചുരത്തിൽ നാലാം വളവിൽ തട്ടുകട ആരംഭിച്ചു. ഉമ്മയെ കഴുത്തറത്തു കൊന്നതിനു ജയിലിൽ കഴിയുന്ന ആഷിഖും യാസിറിനൊപ്പമുണ്ടായിരുന്നു. ഇവരടങ്ങുന്ന സംഘം തട്ടുകടയുടെ മറവിൽ രാസലഹരി ഇടപാടാണു നടത്തിയിരുന്നത്. പരാതിയെത്തുടർന്ന് ഈ കട പൂട്ടിയിരുന്നു. എന്നാൽ വീണ്ടും തുറക്കുകയും ലഹരി മരുന്ന് ഉപയോഗവും കച്ചവടവും തുടരുകയുമായിരുന്നു.ചുരത്തിലേക്ക് പൊലീസ് എത്താത്തതാണ് ഇവർക്ക് സൗകര്യമായതെന്നാണ് ജനകീയ ജാഗ്രത സമിതി പ്രവർത്തകൻ അസീസ് പറഞ്ഞു. താമരശ്ശേരി പൊലീസിന്റെ പരിധിയിലുള്ള ചുരം, 25 കിലോമീറ്ററോളം അകലെയായതിനാൽ ഇവിടേക്ക് പൊലീസ് എത്താറില്ല. ചുരത്തിൽ വലിയ അപകടം നടന്നാൽപോലും മണിക്കൂറുകൾ കഴിഞ്ഞാണ് എത്തുന്നത്. വാഹനമില്ലെന്നും ഉദ്യോഗസ്ഥരില്ലെന്നുമാണ് സ്റ്റേഷനിൽനിന്നു മറുപടി ലഭിക്കുക. ചുരത്തിൽ പൊലീസിന്റെയും നാട്ടുകാരുടെയും അസാന്നിധ്യം ലഹരി സംഘങ്ങൾക്കു പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കിയെന്നും അസീസ് പറഞ്ഞു.
Source link