അപകടപ്പെടുത്താൻ ശ്രമം, ജീവന് ഭീഷണി; ആരുടെയും പിന്തുണ വേണ്ട: അഭിരാമിയെ വിമർശിച്ച് എലിസബത്ത്

സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. കാറിൽ യാത്ര ചെയ്യവേ മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ. ‘‘ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിനു മുകളിൽ ആണ് ഇടിച്ചത്. ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്. അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്. കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്. എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്.
Source link