KERALAM

‘നടക്കുന്നത് കൂടുതലും വെള്ളിയാഴ്‌ച രാത്രികളിൽ’; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും ഏറ്റവും ഉയർന്ന ക്വാളിറ്റിയുള്ളതാകാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് യുഎഇയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് കാരണമായേക്കാം. ഓൺലൈനിൽ ഹൈ റെസല്യൂഷനിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് യുഎഇ നിവാസികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ ഐഡന്റിറ്റി തെഫ്റ്റ്, സിം സ്വാപ്പിംഗ്, മാൻ ഇൻ ദി മിഡിൽ ആക്രമണങ്ങൾ എന്നിവയ്ക്ക് ഉപയോഗിച്ചേക്കാം എന്നതിനാലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വിരലടയാളം അടക്കം ശേഖരിക്കുന്നതിന് തട്ടിപ്പുകാരെ സഹായിക്കും. ബാങ്ക് അക്കൗണ്ട്, ഇ-സിം എന്നിവ സൃഷ്ടിക്കാൻ ആവശ്യമായ ഡിജിറ്റൽ ഇമേജ് തയ്യാറാക്കാനും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാമെന്ന് മെറ്റ റീജിയണൽ സെയിൽസ് ‌ഡയറക്‌ടർ അഷ്‌റഫ് കൊഹെയ്ൽ വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ യുഎഇയിൽ വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സൈബർ ക്രിമിനലുകൾ കൂടുതലായും വെള്ളിയാഴ്‌ച രാത്രികളിലാണ് പ്രവർത്തിക്കുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ദിവസങ്ങളിൽ സുരക്ഷാ സേവനങ്ങൾ പൂർണ തോതിൽ പ്രവർത്തിക്കാറില്ലെന്ന് മനസിലാക്കിയാണ് തട്ടിപ്പുകാർ വെള്ളിയാഴ്‌ച ദിവസങ്ങളെ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.

ഡിജിറ്റൽ ഇമേജും ജനനത്തീയതിയും ഉപയോഗിച്ച് ക്രിപ്റ്റോ അക്കൗണ്ട് സൃഷ്ടിക്കാൻ സാധിക്കും. ഈ അക്കൗണ്ടിലൂടെ പണം തട്ടുകയാണ് സൈബർ കുറ്റവാളികൾ ചെയ്യുന്നത്. തീവ്രവാദ ധനസഹായത്തിനായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കാമെന്നും സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ വിദ്യാർത്ഥികളെയാണ് തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നതെന്നും അഷ്‌റഫ് കൊഹെയ്ൽ പറഞ്ഞു.


Source link

Related Articles

Back to top button