INDIA

‘മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗം അല്ലെന്ന കോടതി വിധി തെറ്റ്’; സുപ്രീം കോടതി ഇടപെടണമെന്ന് കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി ∙ സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗം അല്ലെന്നുള്ള അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്നു കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി. വിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നാണ് അന്നപൂർണ ദേവിയുടെ പ്രതികരണം. വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നു കേന്ദ്രമന്ത്രിയും മറ്റ് വനിതാ നേതാക്കളും ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകളെ അവഗണിക്കുന്ന രീതി വെറുപ്പുളവാക്കുന്നതാണെന്നും അതു നമ്മള്‍ മറികടക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജൂണ്‍ മാലിയ പറഞ്ഞു. വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ കേട്ടു ഞെട്ടിപ്പോയെന്നും ഇതു വളരെ ലജ്ജാകരമായ സാഹചര്യമാണെന്നും സ്വാതി മലിവാളും കുറ്റപ്പെടുത്തി. ആ പുരുഷന്‍ ചെയ്ത പ്രവൃത്തിയെ എങ്ങനെയാണു ബലാത്സംഗമായി കണക്കാക്കാന്‍ കഴിയാത്തത്. ഈ വിധിന്യായത്തിനു പിന്നിലെ യുക്തി മനസിലാകുന്നില്ലെന്നും സ്വാതി പറഞ്ഞു.ബലാത്സംഗ കുറ്റത്തിന് സമന്‍സ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത രണ്ട് പുരുഷന്‍മാര്‍ക്ക് അനുകൂലമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയാണ് വിധി പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ചുവെന്നുമാണ് കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്നു കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷണം.


Source link

Related Articles

Back to top button