യുവതികള്‍ എത്തിയത് നാലര കോടിയുടെ ‘മേക്കപ്പ്’ സാധനങ്ങളുമായി; കൊച്ചിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പണി പാളി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അന്യസംസ്ഥാനത്ത് നിന്നുള്ള രണ്ട് യുവതികള്‍ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മാന്‍വി ചൗധരി, ഛരിബെറ്റ് സ്വാതി എന്നിവരാണ് കസ്റ്റംസ് സംഘത്തിന്റെ പിടിയിലായത്. വിമാനത്താവളത്തില്‍ നടന്നത് വന്‍ കഞ്ചാവ് വേട്ടയാണ്. നാലര കോടി രൂപ മൂല്യം വരുന്ന ഹൈബ്രിഡ് ഇനത്തിലുള്ള കഞ്ചാവാണ് ഇവര്‍ വില്‍പ്പന നടത്താനായി എത്തിച്ചത്.

രാജസ്ഥാന്‍ സ്വദേശിയാണ് മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനിയാണ് ഛിബെറ്റ് സ്വാതി. ഇരുവരേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡയിലെടുത്തു. സ്വാതി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ വൃത്തിയായി പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരേയും സംശയം തോന്നിയ കസ്റ്റംസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വന്‍ ലഹരിക്കടത്ത് വ്യക്തമാകുന്നത്.

വിദേശത്ത് നിന്ന് എത്തിച്ച ലഹരി വസ്തുക്കള്‍ ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചത് ആരാണ് ഇത് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. പിടിയിലായ യുവതികള്‍ വെറും ക്യാരിയര്‍മാര്‍ മാത്രമാണോ അതോ ഇവര്‍ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഹരി കേസുകളും അക്രമവും വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസും എക്‌സൈസും. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ചെറിയ അളവിലുള്ള സാധനമാണ് പിടികൂടുന്നതെങ്കില്‍പ്പോലും വിശദമായി അന്വേഷണം നടത്താനാണ് അധികൃതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.


Source link
Exit mobile version