‘പി.രാജുവിനെ മരണത്തിലേക്കു നയിച്ചത് ഒരു വിഭാഗം നേതാക്കൾ’: കെ.ഇ.ഇസ്മായിലിന് സസ്പെൻഷൻ

തിരുവനന്തപുരം ∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സസ്പെൻഡ് ചെയ്ത് സിപിഐ. 6 മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്. സംസ്ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും. പി.രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണം വിവാദമായ സാഹചര്യത്തിലാണു നടപടി. പാർട്ടി നടപടിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഇസ്മായിൽ പറഞ്ഞു.പി.രാജുവിനെ മരണത്തിലേക്കു നയിച്ചതു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളാണെന്നും വ്യാജ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചു രാജുവിനെ പാര്‍ട്ടിയില്‍ ഒതുക്കുകയായിരുന്നു എന്നുമാണ് ഇസ്മായില്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ സജീവമാകാന്‍ ആഗ്രഹിച്ചിരുന്ന രാജുവിന് അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നുവെന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. ഇസ്മായിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിക്കുള്ള തീരുമാനം.മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മായില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്. പി.രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കരുതെന്നും പിന്നില്‍നിന്നു കുത്തിയവര്‍ മൃതദേഹം കാണാന്‍ പോലും വരരുതെന്നും കുടുംബം പറഞ്ഞു.
Source link