KERALAMLATEST NEWS

ജനശതാബ്‌ദിയും ശബരി എക്‌സ്‌പ്രസും ഇനി അതിവേഗം കുതിക്കും, വൻ മാറ്റത്തിന് തീരുമാനമെടുത്ത് റെയിൽവെ

തിരുവനന്തപുരം: പതിറ്റാണ്ടിലേറെക്കാലം പഴക്കമുള്ള കോച്ചുകളുമായാണ് മലയാളികളുടെ സ്ഥിരം ട്രെയിനുകളായ ജനശതാബ്‌ദിയുടെയും ശബരി എക്‌സ്‌പ്രസിന്റെയും സഞ്ചാരം. ഇതിന്‌ പരിഹാരമായി പുതിയ മികച്ച കോച്ചുകൾ വേണമെന്ന സ്ഥിരം റെയിൽവെ യാത്രക്കാരുടെ ആവശ്യം ഇപ്പോൾ സാദ്ധ്യമാകുകയാണ്. തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്‌ദി, തിരുവനന്തപുരം-സെക്കന്തരാബാദ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് എന്നിവ വൈകാതെ പുതിയ എൽഎച്ച്‌ബി കോച്ചുകളിലേക്ക് മാറും.

പരമാവധി 100 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഈയടുത്ത് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ട്രാക്കുകൾ പുതുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാന ട്രെയിനുകളായ ജനശതാബ്‌ദിയും ശബരിയും ലിങ്ക്‌ ബോഫ്‌മാൻ ബോഷ് (എൽഎച്ച്‌ബി) കോച്ചുകളിലേക്ക് മാറുന്നത്. സുരക്ഷിതവും സുഖകരവുമായ യാത്രയ്‌ക്ക് പ്രത്യേകം നിർമ്മിച്ചവയാണ് എൽഎച്ച്‌ബി കോച്ചുകൾ. ജർമ്മൻ സാങ്കേതിക വിദ്യയുപയോഗിച്ച് നി‌ർമ്മിച്ച ഈ കോച്ചുകൾ പരമാവധി 160 കിലോ‌മീ‌റ്റർ വേഗം കൈവരിക്കാൻ കഴിയുന്നവയാണ്.

തിരുവനന്തപുരം റെയിൽവെ ഡിവിഷന് കീഴിൽ ഈയടുത്ത് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദിയും എൽഎച്ച്‌ബി കോച്ചുകളിലേക്ക് മാറിയിരുന്നു. എന്നാൽ ഇവയുടെ സീറ്റുകളെക്കുറിച്ച് വ്യാപക പരാതിയും ഉയർന്നിരുന്നു. യാത്രാസുഖം പ്രദാനം ചെയ്യുന്നവയല്ല സീറ്റുകൾ എന്നായിരുന്നു വാദം. തിരുവനന്തപുരം ഡിവിഷനിലെ മിക്ക അതിദീർഘദൂര ട്രെയിനുകളിലും എൽഎച്ച്‌ബി കോച്ചുകൾ സ്ഥാപിച്ചുകഴിഞ്ഞു. സ്റ്റെയിൻലെസ്‌ സ്റ്റീലിൽ നിർമ്മിച്ച എൽഎച്ച്‌ബി കോച്ചുകൾ മികച്ച സുരക്ഷയും മികച്ച ലഗ്‌റൂമോടുകൂടിയ സീറ്റുകളും നൽകുന്നവയാണ്. ആദ്യകാലത്ത് ജർമ്മനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്‌തിരുന്ന ഇത്തരം കോച്ചുകൾ 2000 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.


Source link

Related Articles

Back to top button