ഇനി ‘നിളയായി’ ഒഴുകും കേരളത്തിന്റെ സ്വന്തം വൈൻ! അടുത്തമാസം വിപണിയിൽ, എത്തുന്നത് 3 തരം


മണ്ണുത്തി (തൃശൂർ) ∙ കേരള കാർഷിക സർവകലാശാല പുറത്തിറക്കുന്ന വൈൻ അടുത്ത മാസം വിപണിയിലെത്തും. 3 തരം വൈനുകൾക്ക് എക്സൈസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് വൈൻ നിർമാണ യൂണിറ്റിന് എക്സൈസ് അംഗീകാരം ലഭിക്കുന്നത്. ‘നിള’ ബ്രാൻഡിൽ കശുമാങ്ങ വൈൻ, പൈനാപ്പിൾ വൈൻ, ബനാന വൈൻ എന്നിവയാണ് വപണിയിലിറക്കുന്നത്. ആദ്യഘട്ടത്തിൽ ബവ്റിജസ് കോർപറേഷന്റെ പ്രീമിയം കൗണ്ടർ വഴിയാകും വിൽപന. 750 മില്ലിലീറ്റർ കുപ്പിക്ക് 1000 രൂപയിൽ താഴെ വിലയ്ക്കാണു ലഭ്യമാക്കുക. ബനാനയിലും പൈനാപ്പിളിലും 12.5% വീതവും കാഷ്യൂവിൽ 14.5 ശതമാനവുമാണ് ആൽക്കഹോളിന്റെ അളവ്. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കാർഷിക കോളജിനു കീഴിലുള്ള പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉൽപന്നങ്ങളുടെ ഗവേഷണവും നിർമാണവും നടത്തുന്നത്. 125 ലീറ്റർ വൈനാണ് ഓരോ മാസവും ഉൽപാദിപ്പിക്കുക.വകുപ്പ് മേധാവി ഡോ. സജി ഗോമസിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിനൊടുവിൽ വൈൻ നിർമാണത്തിന് 2023ൽ ലൈസൻസ് ലഭിച്ചു. ആദ്യം കർണാടക സർക്കാരിന്റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് ഇന്ത്യയിലെ മികച്ച വൈൻ നിർമാതാക്കളിലൊന്നായ മഹാരാഷ്ട്രയിലെ ‘സുല’യിൽനിന്നും സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണു വ്യാവസായിക നിർമാണത്തിലേക്ക് എത്തിയത്. കാർഷിക കോളജ് വളപ്പിൽ തന്നെയാണ് ഉൽപാദന യൂണിറ്റ്.


Source link

Exit mobile version