KERALAMLATEST NEWS

മന്ത്രി സമയം തേടിയത് അറിഞ്ഞില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്‌ദ, കൂടിക്കാഴ്‌ച അടുത്തയാഴ്‌ച

ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചത് അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്‌ദ. അടുത്തയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നും മന്ത്രി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. ആശമാരുമായി ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം വീണാ ജോർജ് ഡൽഹിയിലേക്ക് പോയിരുന്നു. വിഷയം ചർച്ച ചെയ്യാൻ കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചിരുന്നില്ല. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയുമാണ് മന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടി കത്ത് നൽകിയത്.

മന്ത്രിയുടെ ഓഫീസിൽ നിന്നും ചൊവ്വാഴ്‌ച ആദ്യവും ബുധനാഴ്‌ച രണ്ടാമതും കത്ത് നൽകി. എന്നാൽ അനുമതി ലഭിച്ചില്ല. മന്ത്രിയ്‌ക്ക് എന്തെങ്കിലും തിരക്ക് ആയതിനാലാകും അനുമതി നൽകാത്തതെന്നും അനുമതി ലഭിച്ചാലുടൻ വീണ്ടും ഡൽഹിയിലെത്തുമെന്നും വീണാ ജോർജ് പറഞ്ഞു. ലോക്‌സഭയിൽ മന്ത്രിയോട് കെ സി വേണുഗോപാൽ ആശ വർക്കർമാരുടെ സമരത്തെ കുറിച്ച് ചോദ്യ‌ങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് യുഡിഎഫ് എംപിമാരെ മന്ത്രി തന്റെ ചേമ്പറിലേക്ക് സമഗ്ര ചർച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്.

അതേ‌സമയം ചർച്ചകൾ പരാജയപ്പെടുകയും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആശാ വർക്കർമാർ ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ 39 ദിവസം പിന്നിട്ട രാപകൽ സമരം ഇതോടെ മൂന്നാംഘട്ടത്തലേക്ക് കടന്നു.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു,ആശാ വർക്കർമാരായ ഷീജ.ആർ,തങ്കമണി എന്നിവരാണ് നിരാഹാരം തുടങ്ങിയത്.വ്യാഴാഴ്‌ച രാവിലെ 11ന് ആരംഭിച്ച സമരം സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് സെന്റർ മുൻ മേധാവിയും പൊതുപ്രവർത്തകയുമായ കെ.ജി.താര ഉദ്ഘാടനം ചെയ്തു. സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിച്ചു.

ഇതിനിടെ ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിെരെ ആശമാർ സമരം ചെയ്യാത്തത് വിരോധാഭാസമാണെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button