വി. മുരളീധരൻ ഡൽഹിക്ക്, താൽപര്യമില്ലെന്ന് രാജീവും; തിരഞ്ഞെടുപ്പു വരെ കേരളത്തിലും തമിഴ്നാട്ടിലും ‘തൽസ്ഥിതി’ തുടരാൻ ബിജെപി

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷൻ വരുമോ? സംസ്ഥാന അധ്യക്ഷനാകാൻ താൽപര്യമില്ലെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനോട് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കെ. സുരേന്ദ്രൻ തുടരാനാണു സാധ്യതയെന്നാണ് സൂചന. മാത്രമല്ല, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാധാരണ പാര്‍ട്ടി നടപടിക്രമങ്ങളൊന്നും സംസ്ഥാനത്തു നടക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സംഘടനാ തലപ്പത്ത് ഇളക്കം വരുത്താതെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണു സൂചന. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂര്‍ത്തിയാകണമെന്നാണു നിബന്ധന. പുതിയ ദേശീയ അധ്യക്ഷന്‍ ചുമതലയേറ്റതിനുശേഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.∙ താൽപര്യമില്ലെന്ന് രാജീവും മുരളിയും നിലവില്‍ കെ.സുരേന്ദ്രന്‍ അല്ലെങ്കില്‍ ഒരാളുടെ പേരു മാത്രമാണ് ദേശീയനേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത്. മുതിര്‍ന്ന നേതാവ് എം.ടി.രമേശിനാവും നിയോഗം. സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദേശീയനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം മറ്റു നിരവധി ചുമതലകളുടെ തിരക്കിലാണ് അദ്ദേഹം. എഐയുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ഈ മാസം 23ന് രാജീവ് ചന്ദ്രശേഖര്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.
Source link