അതിർത്തി സന്ദർശനത്തിന് ശേഷം ബംഗാൾ ഗവർണർ ഡൽഹിയിൽ; അമിത് ഷായുമായി കൂടിക്കാഴ്ച

കൊൽക്കത്ത ∙ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഗവർണർ ഡൽഹിയിലെത്തിയത്.അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു നടന്നുവരുന്ന ലഹരി, ആയുധങ്ങൾ, വ്യാജ കറൻസി, വന്യജീവി ഉൽപന്നങ്ങൾ എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഗവർണറുടെ അതിർത്തിഗ്രാമ സന്ദർശനം. മനുഷ്യക്കടത്തും തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും ഗവർണർ വിലയിരുത്തി.സേനാമേധാവികൾ, ഗ്രാമവാസികൾ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായും കൂടിക്കാഴ്ചകൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അതിർത്തി ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു ‘അമാർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിങ് സെൽ’ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Source link