KERALAMLATEST NEWS

പി. അപ്പുക്കുട്ടൻ അന്തരിച്ചു

പയ്യന്നൂർ (കണ്ണൂർ)​: പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പയ്യന്നൂർ അന്നൂരിൽ പി. അപ്പുക്കുട്ടൻ (85)​ അന്തരിച്ചു. ഇന്നലെ രാവിലെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2001 വരെ കേരള സംഗീത നാടക അക്കാഡമി സെക്രട്ടറിയായിരുന്നു. സാംസ്കാരിക പ്രഭാഷകനും സാഹിത്യനിരൂപകനും നാടകപ്രവർത്തകനുമായിരുന്നു,

അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാളുടെയും എ.പി. പാർവതി അമ്മയുടെയും മകനായി 1939 ആഗസ്റ്റ് 10നായിരുന്നു ജനനം. 1959ൽ വെള്ളോറ യു.പി സ്‌കൂളിൽ അദ്ധ്യാപകനായി. വിദ്വാൻ പരീക്ഷ പാസായതിനെ തുടർന്ന് കാസർകോട് ഗവ. ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകനായി. 1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് വിരമിച്ചു.

സമഗ്ര സംഭാവനാ പുരസ്‌കാരം നൽകി 2019ൽ കേരള സാഹിത്യ അക്കാഡമി ആദരിച്ചിട്ടുണ്ട്. കേരള സാഹിത്യ നാടക അക്കാഡമി സെക്രട്ടറി, സാഹിത്യ അക്കാഡമി അംഗം, എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി പ്രസിഡന്റ്, പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്സ് ചെയർമാൻ, സർഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പൺ ഫോറം തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സി.പി. വത്സല. മക്കൾ: സി.പി. സരിത, സി.പി. ശ്രീഹർഷൻ (ചീഫ് കറസ്‌പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. പ്രിയദർശൻ (ദുബായ്).

മരുമക്കൾ: ചിത്തരഞ്ജൻ (മാനേജർ, കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി.പ്രൊഫസർ ഐ.ഐ.എം ഇൻഡോർ), ഹണി (ദുബായ്). ഭൗതീകദേഹം ഇന്ന് രാവിലെ എട്ടിന് അന്നൂർ വില്ലേജ് ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് 12ന് പയ്യന്നൂർ മൂരിക്കൊവലിലെ നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്‌കരിക്കും.


Source link

Related Articles

Back to top button