റെക്കോർഡിൽ നിന്ന് അൽപം താഴ്ന്നിറങ്ങി സ്വർണം; വഴിയൊരുക്കി രാജ്യാന്തര വിലയിടിവും രൂപയുടെ കയറ്റവും, വെള്ളിക്കും വീഴ്ച

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസവുമായി സ്വർണവിലയിൽ ഇന്നു മികച്ച കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8,270 രൂപയായി. പവന് 320 രൂപ താഴ്ന്ന് വില 66,160 രൂപയും. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് റെക്കോർഡ്. കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയശേഷമാണ് ഇന്നു കുറഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിലെ രാജ്യന്തരവിലയിലെ റെക്കോർഡ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് നടത്തിയതും അതുമൂലം വില കുറഞ്ഞതും കേരളത്തിലും വില താഴാൻ സഹായിച്ചു. രാജ്യാന്തര സ്വർണവില ഔൺസിന് 3,058 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് 3,030 ഡോളറിലേക്കാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപ കാഴ്ചവയ്ക്കുന്ന മികച്ച തിരിച്ചുവരവും സ്വർണവിലയെ താഴേക്കു നയിച്ചു. ഇന്നു ഡോളറിനെതിരെ 14 പൈസ മെച്ചപ്പെട്ട് 86.23ലാണ് രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം. തുടർച്ചയായ എട്ടാംദിവസമാണ് രൂപ നേട്ടത്തിൽ തുടരുന്നതും.രൂപ ശക്തമാകുകയും ഡോളർ താഴുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതിച്ചെലവ് കുറയും. ഇത്, ആഭ്യന്തര സ്വർണവില കുറയാൻ സഹായിക്കും. അതേസമയം, രാജ്യാന്തരവില വൻ ചാഞ്ചാട്ടത്തിനു വരുംദിവസങ്ങളിൽ സാക്ഷിയായേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ലാഭമെടുപ്പ് തുടർന്നാൽ വില 2,945 ഡോളറിലേക്കുവരെ ഇടിയാം. ഇതു കേരളത്തിലും സ്വർണവില വൻതോതിൽ കുറയാൻ സഹായിക്കും.
Source link