KERALAM

ജീപ്പ് കത്തിച്ച് ഒളിവിൽ പോയി, പൊലീസിനെ കബളിപ്പിക്കാൻ വാട്‌സാപ്പ് സ്റ്റാറ്റസിട്ടു; ഒടുവിൽ 46കാരൻ പിടിയിൽ

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പോർച്ചിൽ നിർത്തിയിട്ടിരുന്ന ഥാർ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് മുക്കം മേലാത്തുവരിക്കൽ വീട്ടിൽ അബ്‌ദുൾ ജലാലിനെ (46) പൊലീസ് പിടികൂടിയത്.

കൃത്യം നടത്തി ഒളിവിൽ പോയ ഇയാൾ പൊലീസിനെ കബളിപ്പിക്കാൻ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്‌സാപ്പ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കൾക്ക് അയക്കുന്നുണ്ടായിരുന്നു. മൂർക്കൻ ചോലയിൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള ഥാറാണ് ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി അബ്‌ദുൾ ജലാൽ പെട്രോളൊഴിച്ച് കത്തിച്ചത്. മുൻ വൈരാഗ്യമായിരുന്നു കാരണം.

രാത്രി 12 മണിയോടെയാണ് അബ്‌ദുൾ ജലാൽ, ഷുക്കൂറിന്റെ വീട്ടിലെത്തി വാഹനം കത്തിച്ചത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐമാരായ ശങ്കരനാരായണൻ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ, സജി, ഗീരീഷ്, സജീർ, വിജയൻ, സുധീഷ്, ഉല്ലാസ്, സൽമാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button