BUSINESS

മണപ്പുറം ഫിനാൻസിന്റെ പാർട്ണറായി ഇനി ബെയ്ൻ ക്യാപിറ്റലും; 18% ഓഹരി ആദ്യം ഏറ്റെടുക്കും, നിക്ഷേപം 4,385 കോടി


തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപയ്ക്ക് ബെയ്ൻ ഏറ്റെടുക്കും. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് സ്ഥിരീകരിച്ചു. പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള നിശ്ചിത ഓഹരികളാണ് ഏറ്റെടുക്കുന്നത്.യോഗ്യരായ നിക്ഷേപകർക്ക് നേരിട്ട് ഓഹരി വിൽക്കുന്ന രീതിയാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന. ഇതിനു പുറമെ, ഓഹരി വാറന്റ് ഇനത്തിലും കൈമാറും. നിശ്ചിത സമയത്തിനകം നിശ്ചിത വിലയിൽ ഓഹരി വാങ്ങാനുള്ള ധാരണയാണിത്. ആദ്യഘട്ടത്തിൽ ഓഹരിക്ക് 236 രൂപ വിലപ്രകാരം 9.29 കോടി ഓഹരികളാണ് ബെയ്ൻ വാങ്ങുക. മണപ്പുറം ഫിനാൻസിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരിവിലയേക്കാൾ‌ 30% പ്രീമിയത്തിലാണ് (അധികവില) ഏറ്റെടുക്കൽ. ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXV വഴിയായിരിക്കും ഇടപാട്. പുറമെ മറ്റൊരു ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXIV വഴി തത്തുല്യ ഓഹരി വാറന്റും നൽകും.പിന്നീട് ചട്ടപ്രകാരം നിർബന്ധമായ ഓപ്പൺ-ഓഫറിലൂടെ മണപ്പുറം ഫിനാൻസിന്റെ 26% ഓഹരികൾ കൂടി പൊതു നിക്ഷേപകരിൽ നിന്ന് ഓപ്പൺ-ഓഫർ വഴി ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുക്കും. ഇതോടെ, 40 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തവുമായി മണപ്പുറം ഫിനാൻസിന്റെ പാർട്ണർ ആയി ബെയ്ൻ മാറും. മണപ്പുറം ഫിനാൻസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഡയറക്ടറെ നിയമിക്കാനുള്ള അവകാശവും ലഭിക്കും. മണപ്പുറം ഫിനാൻസിന്റെ തത്തുല്യ നിയന്ത്രണാവകാശവും സ്വന്തമാകും. ഇടപാടിനുശേഷവും വി.പി. നന്ദകുമാറും കുടുംബവും 28.9% ഓഹരികൾ കൈവശം വയ്ക്കും. നിലവിൽ  35.25% ഓഹരി പങ്കാളിത്തമാണ് അവർക്കുള്ളത്.


Source link

Related Articles

Back to top button