കാര്യം നിസാരം; വീട് വിട്ടിറങ്ങുന്ന കുട്ടികൾ കൂടുന്നു

കോഴിക്കോട്: നിസാരകാര്യങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മുമ്പ് കൂടുതലും ആൺകുട്ടികളാണെങ്കിൽ ഇപ്പോഴത് പെൺകുട്ടികളാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലാണ് ഇവരിൽ പലരും വീട് വിട്ടിറുങ്ങന്നതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആൺസുഹൃത്തുക്കൾക്കൊപ്പം പോകുന്നവരുമുണ്ട്.
ഒരു വർഷത്തിൽ നൂറിലധികം കുട്ടികളാണ് സംസ്ഥാനത്ത് വീടുവിടുന്നത്. 2020 മുതൽ 2024 വരെ ഇന്ത്യയിൽ മൂന്നു ലക്ഷം കുട്ടികളെ കാണാതായി. ഇവരിൽ 36,000 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്ക്. അതേസമയം,കാണാമറയത്തുള്ള കുട്ടികളിൽ പലരും ലഹരി,പെൺവാണിഭ സംഘങ്ങളുടെ കുരുക്കിൽ പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞയാഴ്ച മലപ്പുറം താനൂരിൽ വീടുവിട്ടിറങ്ങിയ രണ്ടു പെൺകുട്ടികളെ മുംബയിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു.
കാരണങ്ങൾ
കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസം
പഠനസമ്മർദ്ദം,അശാന്തമായ കുടുംബാന്തരീക്ഷം
സോഷ്യൽ മീഡിയ ബന്ധങ്ങൾ
എടുത്തുചാട്ടം,അമിത സ്വാതന്ത്യബോധം
പരിഹാരം
കുട്ടികളെ രക്ഷിതാക്കൾ മനസിലാക്കുക
അവർ പറയുന്നത് കേൾക്കുക
പറയാനുള്ള അവസരം നിഷേധിക്കാതിരിക്കുക
അവഗണിക്കാതിരിക്കുക
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ
(വർഷം,എണ്ണം)
2021……….101
2022……….114
2023……….124
2024……….66 (ഒക്ടോബർ വരെ)
എടുത്തുചാട്ടം കൂടുതലുള്ളതും ശ്രദ്ധക്കുറവ് കൊണ്ട് പഠനത്തിൽ പിന്നാക്കമായവരും മാറിമറിയുന്ന മാനസികാവസ്ഥയുള്ളവരുമാണ് വീടുവിടുന്നവരിൽ അധികവും. സോഷ്യൽ മീഡിയ സ്വാധീനവും ശക്തമാണ്.
-ഡോ. വിവേക് ഉള്ളാട്ടിൽ
സെെക്യാട്രിസ്റ്റ്
Source link