ചെങ്ങറ സുരേന്ദ്രൻ, കെ.ഇ.ഇസ്മായിൽ…; നേതാക്കളെ തലങ്ങുംവിലങ്ങും വെട്ടി, സിപിഐയിൽ ചേരിപ്പോരോ?

തിരുവനന്തപുരം ∙ സിപിഐയില്‍ ഇതു നടപടിക്കാലം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്കു തീരുമാനമായത്. ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് സിപിഐ എക്‌സിക്യൂട്ടീവിലെ തീരുമാനം.ഏറെ അടുപ്പമുണ്ടായിരുന്ന എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മായില്‍ നടത്തിയ വൈകാരിക പ്രതികരണം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പലപ്പോഴും ഇസ്മായിലിന്റെ പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. പട്ടാമ്പിയില്‍നിന്ന് 3 തവണ എംഎല്‍എയായ നേതാവാണ് ഇസ്മായില്‍. 1996-2001 കാലഘട്ടത്തില്‍ റവന്യു മന്ത്രിയുമായിരുന്നു.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്‌കൂളില്‍ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങിയെന്നാണു ചെങ്ങറ സുരേന്ദ്രനെതിരായ പരാതി. എന്നാല്‍ ജോലി നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്ന ആക്ഷേപത്തിലാണു നടപടി ഉണ്ടായത്. സിപിഐ സംസ്ഥാന സെക്രട്ടറിക്കു ബിനോയ് വിശ്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സുരേന്ദ്രന്റെ വിശദീകരണം തള്ളിയാണു നടപടി സ്വീകരിച്ചത്. ഇതിനു തൊട്ടടുത്ത ദിവസമാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയില്‍ നടപടിക്കു വിധേയനായത്. നടപടിയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും കമ്യൂണിസ്റ്റുകാരനായി തുടരുമെന്നും ഇസ്മായില്‍ പ്രതികരിച്ചു.
Source link