മ്യാൻമറിൽ പട്ടാളം മെത്രാസനപ്പള്ളി തീവച്ചു നശിപ്പിച്ചു

യാങ്കോൺ: മ്യാൻമറിൽ പട്ടാളക്കാർ മെത്രാസനപ്പള്ളി തീവച്ചുനശിപ്പിച്ചു. വടക്കൻ മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്ത് ബാൻമാ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് പാട്രിക് കത്തീഡ്രലിനു ഞായറാഴ്ചയാണ് തീവച്ചത്. പട്ടണത്തിൽ ഓപ്പറേഷൻ നടത്തുകയായിരുന്ന സൈനികരാണ് തീവച്ചത്. വിശുദ്ധ പാട്രിക്കിന്റെ തിരുനാളിനു തലേന്നായിരുന്നു സംഭവം. മെത്രാസന പള്ളിയോടു ചേർന്നു സ്ഥിതി ചെയ്തിരുന്ന ബാൻമാ രൂപതാ ആസ്ഥാനവും ഹൈസ്കൂളും ഫെബ്രുവരി 26ന് പട്ടാളം തീവച്ചു നശിപ്പിച്ചിരുന്നു.
2021 ഫെബ്രുവരി മുതൽ മ്യാൻമർ ഭരിക്കുന്ന പട്ടാളഭരണകൂടം വിമതർക്കെതിരേ നടത്തുന്ന സൈനികനീക്കത്തിനിടെ ഒട്ടേറെ കത്തോലിക്കാ ആരാധനാലയങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ബാൻമാ രൂപതയിൽപ്പെട്ട സെന്റ് മൈക്കിൾസ് പള്ളി ഈ മാസം മൂന്നിനു പട്ടാളം നശിപ്പിച്ചിരുന്നു. ചിൻ സംസ്ഥാനത്ത് ഫെബ്രുവരി ആറിനു നടത്തിയ വ്യോമാക്രമണത്തിൽ സേക്രഡ് ഹാർട്ട് പള്ളി നശിച്ചിരുന്നു.
Source link