KERALAM

ആന എഴുന്നള്ളിപ്പ് -അഭിഭാഷകർ ഇരട്ട ഗെയിം കളിക്കുന്നു: ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹർജികളിൽ അഭിഭാഷകർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇരട്ട ഗെയിം കളിക്കുകയാണെന്ന് ഹൈക്കോടതി. സർക്കാർ ഭാഗത്തുള്ളവർ പോലും വസ്തുതകൾ മറച്ചുവച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവിന് ശ്രമിക്കുകയാണെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേകബെഞ്ച് വിമർശിച്ചു.

നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവുകൾ സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പരാമർശം.

കേരളത്തിൽ ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വേണ്ടവിധം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതിയുടെ ഇടക്കാല നിർദ്ദേശങ്ങൾ പാലിച്ചാണ് ഹൈക്കോടതി മുന്നോട്ടുപോകുന്നതെന്ന കാര്യവും കൃത്യമായി ധരിപ്പിച്ചതായി തോന്നുന്നില്ല.

അനുകൂല ഉത്തരവിനായി അഭിഭാഷകർക്ക് തന്ത്രങ്ങളാകാമെങ്കിലും അതിരുവിടരുത്. ഹൈക്കോടതി ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന വാദങ്ങൾ വരെയുണ്ടായി. എല്ലാ ജഡ്ജിമാരും ഈ സമ്മർദ്ദം അതിജീവിച്ചുകൊള്ളണമെന്നില്ല. എന്നാൽ തങ്ങൾ അതു കാര്യമാക്കാതെ മുന്നോട്ടുപോകും. കുറവുകളുണ്ടെങ്കിൽ അഭിഭാഷകർക്ക് നേരിട്ട് ഉന്നയിക്കാമെന്നും പ്രത്യേകബെഞ്ച് വ്യക്തമാക്കി. ഹർജികൾ വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

അനന്തപത്മനാഭന്റെ

വിലക്ക് നീക്കി

ഹൈക്കോടതിയുടെ വിലക്കിനെ തുടർന്ന് എഴുന്നള്ളിപ്പിൽ നിന്ന് മാറ്റിനിറുത്തിയിരുന്ന ചെർപ്പുളശേരി അനന്തപത്മനാഭൻ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. തുടർന്ന് എഴുന്നള്ളിപ്പിനുള്ള സ്റ്റേ നീക്കി. ആനയെ കൈവശം വച്ചിരുന്ന പി. രാജേന്ദ്രപ്രസാദാണ് കോടതിയെ സമീപിച്ചത്. രേഖകൾ പ്രകാരം വി. ഷാജിയാണ് ആനയുടെ ഉടമയെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് ആനയെ ഷാജിക്ക് വിട്ടുകൊടുക്കാനും ഉത്തരവിട്ടു.


Source link

Related Articles

Back to top button