ഡിഎംകെയുടെ ടീഷർട്ട് പ്രതിഷേധം; ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്കു തിരിച്ചടിയാകുന്ന ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയ നീക്കത്തിനെതിരേ ഡിഎംകെ എംപിമാർ ഉയർത്തിയ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും ഇന്നലെ പൂർണമായി സ്തംഭിച്ചു. ന്യായമായ അതിർത്തിനിർണയത്തിനായി തമിഴ്നാട് പോരാടുമെന്നും ജയിക്കുമെന്നും എഴുതിയ വെള്ള ടീഷർട്ടുകൾ ധരിച്ചെത്തിയതിനെ ഇരുസഭകളിലും അധ്യക്ഷന്മാർ എതിർത്തതിനെത്തുടർന്നായിരുന്നു സഭാ നടപടികൾ മൂന്നു തവണ നിർത്തിവച്ചശേഷം ഇന്നു ചേരുന്നതുവരെ പിരിഞ്ഞത്. ഇന്നലെ രാവിലെ 11ന് പാർലമെന്റ് നടപടികൾ ആരംഭിച്ചയുടൻ ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻകറും ഡിഎംകെ എംപിമാർ ടീഷർട്ടുകൾ മാറ്റി വേറെ വസ്ത്രങ്ങളണിഞ്ഞു തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പാർലമെന്റിൽ ഏതെങ്കിലും വേഷം പാടില്ലെന്നു നിയമമോ ചട്ടമോ കീഴ്വഴക്കമോ ഇല്ലെന്നു ഡിഎംകെ എംപിമാരും കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷനേതാക്കളും ചൂണ്ടിക്കാട്ടി. സ്യൂട്ടും കോട്ടും ഷർട്ടും ടീഷർട്ടും ജൂബയും മുതൽ സന്യാസ വസ്ത്രം അടക്കം വിഭിന്നങ്ങളായ വേഷവിധാനങ്ങളുമായാണ് പതിറ്റാണ്ടുകളായി എംപിമാർ വരുന്നതെന്നും മാന്യമായ വേഷവിതാനത്തെ ആർക്കും എതിർക്കാനാകില്ലെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു. “”ന്യായമായ അതിർത്തിനിർണയം, തമിഴ്നാട് പോരാടും, തമിഴ്നാട് വിജയിക്കും” (ഫെയർ ഡീലിമിറ്റേഷൻ, തമിഴ്നാട് വിൽ ഫൈറ്റ്, തമിഴ്നാട് വിൽ വിൻ) എന്ന് ഇംഗ്ലീഷിൽ നീല, ചുവപ്പു നിറത്തിലെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു ലോക്സഭയിലും രാജ്യസഭയിലും ഇന്നലെ ഡിഎംകെ എംപിമാർ എത്തിയത്. പാർലമെന്റിന്റെ അന്തസിനു നിരക്കാത്തതാണ് ഡിഎംകെ എംപിമാരുടെ നടപടിയെന്നായിരുന്നു ധൻകറുടെയും ഓം ബിർളയുടെയും നിലപാട്.
ടീഷർട്ടുകൾ ധരിച്ച് സഭയുടെ അന്തസ് താഴ്ത്തുന്ന രീതിയിൽ പ്രതിഷേധിക്കാൻ കഴിയില്ലെന്ന് സ്പീക്കർ ബിർള പറഞ്ഞു. വേഷം മാറി തിരിച്ചുവരണമെന്ന നിർദേശം ഡിഎംകെ എംപിമാർ അംഗീകരിച്ചില്ല. രണ്ടു മിനിറ്റിനകം ലോക്സഭയും രാജ്യസഭയും നിർത്തിവച്ചു. 12.15ന് രാജ്യസഭ വീണ്ടും ചേർന്നെങ്കിലും ഒരു മിനിറ്റിനകം പിന്നെയും പിരിഞ്ഞു. പിന്നീട് 11.30ന് രാജ്യസഭയിലെ കക്ഷിനേതാക്കളെ ചെയർമാർ ധൻകർ ചർച്ചയ്ക്കു വിളിച്ചെങ്കിലും ആരും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഡിഎംകെ എംപിമാരുടെ പ്രതിഷേധത്തെ കോണ്ഗ്രസടക്കമുള്ള പ്രതിപക്ഷ എംപിമാർ പിന്തുണച്ചു. ഇരുസഭകളും ഉച്ചയ്ക്ക് 12ന് ചേർന്നപ്പോഴും സ്ഥിതിയിൽ മാറ്റമില്ലാതിരുന്നതിനാൽ മിനിറ്റുകൾക്കകം ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തി. രണ്ടിന് വീണ്ടും ചേർന്നയുടൻ ഇന്നു രാവിലെവരെ സഭ പിരിയുകയാണെന്ന് ലോക്സഭയിലും രാജ്യസഭയിലും അധ്യക്ഷന്മാർ പ്രഖ്യാപിച്ചു. മുദ്രാവാക്യമെഴുതിയ ടീഷർട്ടുമായി വരാനാകില്ലെന്ന് ലോക്സഭയിലെ അധ്യക്ഷപദവിയിലുണ്ടായിരുന്ന ടിഡിപി എംപി കൃഷ്ണപ്രസാദ് ടെന്നറ്റി ആവർത്തിച്ചശേഷം സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. രാജ്യസഭയും ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും ചേർന്നയുടൻ സഭ ഇന്നത്തേക്കു പിരിയുകയാണെന്ന് ഉപാധ്യക്ഷൻ ഹരിവംശ് നാരായണൻ പ്രഖ്യാപനം നടത്തി. പിരിയാനുള്ള കാരണമെന്താണെന്ന് പ്രതിപക്ഷ എംപിമാർ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. അച്ചടിയുള്ള ടീഷർട്ട് ഉപയോഗിക്കരുതെന്ന് പാർലമെന്റിൽ ഒരു നിയമവുമില്ലെന്നും ഇന്നലെ രാവിലെയാണ് അതു കണ്ടുപിടിച്ചതെന്നും സഭ പിരിഞ്ഞശേഷം ഡിഎംകെ നേതാക്കളായ കെ. കനിമൊഴിയും തിരുച്ചി ശിവയും പറഞ്ഞു.
Source link