സ്വർണക്കടത്ത് കേസ്: വിചാരണ ബംഗളൂരുവിലേക്ക് മാറ്റാം

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജിയോട് അനുകൂല നിലപാടുമായി സുപ്രീംകോടതി. പ്രഥമദൃഷ്യാ തന്നെ ഗൗരവമുള്ളതും, ഗുരുതര ആരോപണങ്ങൾ ഉയർന്നതുമായ കേസാണ്. ഇ.ഡിയുടെ ആവശ്യത്തെ എതിർക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനായ കപിൽ സിബലിനോട് കോടതി പറഞ്ഞു.
വിചാരണ ബെംഗളൂരുവിലേക്ക് മാറ്റേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. അന്വേഷണത്തെ സ്വാധീനിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഇ.ഡിയുടെ പരാതിയെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ മറ്റൊരിടത്തേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കർണാടകയിൽ ബി.ജെ.പി ഇതര സർക്കാർ വന്നതോടെ ഇ.ഡിക്ക് ഇപ്പോൾ കേസ് മാറ്റാൻ താത്പര്യമില്ലെന്നും പരിഹസിച്ചു.
എല്ലാ പ്രതികളെയും കക്ഷികളാക്കി അവരെ കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് കാരണമായി ഇ.ഡിയുടെ ഹർജിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ തുടങ്ങിയ പ്രതികളാണ് ഹർജിയിലെ എതിർ കക്ഷികൾ.
Source link