ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പേർ കുറ്റക്കാർ

മഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി വീട്ടിൽ ഷൈബിൻ അഷ്‌റഫ് (37), രണ്ടാം പ്രതി വയനാട് സുൽത്താൻബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാംപ്രതി മുക്കട്ട നടുത്തൊടിക നിഷാദ് (32) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
മൃതദേഹം ലഭിക്കാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുപയോഗിച്ച് കൊലപാതകം തെളിയിച്ചെന്ന പ്രത്യേകതയുണ്ട്. ഷൈബിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നും ലഭിച്ച മുടിയുടെ ഡി.എൻ.എ പരിശോധനാ ഫലം ഇക്കാര്യത്തിൽ നിർണ്ണായകമായി.2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ ഷാബാ ഷെരീഫിനെ മൈസൂരുവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ തടവിൽ താമസിപ്പിച്ചെന്നും 2020 ഒക്‌ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്.
15 പ്രതികളുള്ള കേസിൽ ഒമ്പത് പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിയിരുന്നു. 14-ാം പ്രതി ഫാസിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം മരണപ്പെട്ടു. 15-ാം പ്രതി നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ ഷമീമിനെ പിടികൂടാനായിട്ടില്ല. ഷാബാ ഷെരീഫിന്റെ ഭാര്യ, മക്കൾ, പേരക്കുട്ടി, സഹോദരൻ എന്നിവരുൾപ്പെടെ കേസിൽ 80 സാക്ഷികളെ വിസ്തരിച്ചു. 2022 ഏപ്രിൽ 23ന് ഏതാനും പേർ വീട്ടിൽ കയറി തന്നെ മർദ്ദിച്ചെന്ന ഷൈബിൻ അഷ്‌റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തു കൊണ്ടുവന്നത്. കേസിലെ അഞ്ചു പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ തീകൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.
Source link