ഐ.എം. വിജയന്റെ അമ്മയുടെ ഓർമയ്ക്കായി സെവൻസ്

തൃശൂർ: കഷ്ടപ്പാടുകൾക്കിടയിലും മകനെ പോറ്റിവളർത്തി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാക്കി മാറ്റിയ പദ്മശ്രീ ഐ.എം. വിജയന്റ അമ്മ കൊച്ചമ്മുവിന്റെ സ്മരണാർഥം തൃശൂരിൽ ഫുട്ബോൾ ടൂർണമെന്റിനു വേദിയൊരുങ്ങുന്നു. അമ്മയുടെ വിയോഗത്തിന് എട്ടുവർഷങ്ങൾക്കുശേഷം മകന്റെ പദ്മശ്രീ തിളക്കത്തിലാണു ടൂർണമെന്റ് നടക്കുന്നത്. ഉഷ എഫ്സി തൃശൂരിന്റെ ആഭിമുഖ്യത്തിൽ പ്രഥമ കൊച്ചമ്മു മെമ്മോറിയൽ എസ്എഫ്എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നുമുതൽ ഏപ്രിൽ ആറുവരെ കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിനു മുൻവശത്തെ ഗ്രൗണ്ടിൽ നടക്കും. വാഹന പാർക്കിംഗിനും മറ്റുമായി ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് ലക്ഷങ്ങൾ മുടക്കിയാണ് ടൂർണമെന്റിനായി ഒരുക്കിയത്. 3500 പേർക്കിരിക്കാവുന്ന താത്കാലിക ഗാലറിയും തയാറാക്കി.
കാൽപ്പന്താണു ലഹരി എന്ന മുദ്രാവാക്യമുയർത്തുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്നു രാത്രി 7.30നു മന്ത്രി കെ. രാജൻ നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ, റാപ്പ് ഗായകൻ വേടൻ എന്നിവർ മുഖ്യാതിഥികളാകും. കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, വിനോദ് പൊള്ളാഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും. ബേസ് പെരുന്പാവൂരും യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും തമ്മിലാണ് ഉദ്ഘാടന മത്സരം. എല്ലാ ദിവസവും രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ മൊത്തം 16 ടീമുകൾ പങ്കെടുക്കും. സെലിബ്രിറ്റി മാച്ചും സംഘടിപ്പിക്കും. 60 രൂപയാണു ടിക്കറ്റ് നിരക്ക്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്കു യഥാക്രമം 80, 100 രൂപയാണു നിരക്ക്. സീസൺ ടിക്കറ്റിന് 600 രൂപയാണ്.
Source link