18-ാം പടിയിൽ ഒഴിഞ്ഞ കൈയുമായി മൂന്നു ടീം

മുംബൈ: ഐപിഎല്ലിന്റെ 18-ാം സീസണ് പടിവാതിൽക്കൽ എത്തിയപ്പോൾ, 18-ാം പടിയിൽ ഒഴിഞ്ഞ കൈയുമായി മൂന്നു ടീമുകളുണ്ടെന്നതും ശ്രദ്ധേയം. അതായത്, 2008ലെ പ്രഥമ ഐപിഎൽ മുതൽ പോരാട്ട രംഗത്ത് ഉണ്ടെങ്കിലും നാളിതുവരെയായി ഒരിക്കൽപ്പോലും ചാന്പ്യൻഷിപ്പ് സ്വന്തമാക്കാത്ത മൂന്നു ടീമുകൾ. 1. ആർസിബി വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, കെവിൻ പീറ്റേഴ്സണ് എന്നിങ്ങനെ നീളുന്ന പ്രഗൽഭരുടെ നീണ്ടനിര ഉണ്ടായിട്ടും ഒരിക്കൽപ്പോലും കിരീടത്തിൽ എത്താത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. 2009ൽ കെവിൻ പീറ്റേഴ്സന്റെയും 2011ൽ ഡാനിയേൽ വെട്ടോറിയുടെയും 2016ൽ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസിയിൽ ഫൈനൽ കളിച്ചതാണ് ആർസിബിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2024 സീസണിൽ എലിമിനേറ്ററിൽ കളിച്ച് നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. കോഹ്ലിയുടെ ജഴ്സി നന്പറായ 18ഉം 18-ാം സീസണും ഒന്നിക്കുന്പോൾ ആർസിബി കന്നിക്കിരീടത്തിൽ എത്തുമോ…?
2. പിബികെഎസ് കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന പേരിൽ 2008ൽ തുടങ്ങി, 2021 സീസണിൽ പഞ്ചാബ് കിംഗ്സ് ആയി മാറിയ പിബികെബിനും ഇതുവരെ കിരീടം അകന്നു നിൽക്കുന്നു. 2014 സീസണിൽ ജോർജ് ബെയ്ലിയുടെ ക്യാപ്റ്റൻസിയിൽ ഫൈനൽ കളിച്ചതാണ് ടീമിന്റെ ഏറ്റവും വലിയ നേട്ടം. യുവരാജ് സിംഗ്, ആദം ഗിൽക്രിസ്റ്റ്, ക്രിസ് ഗെയ്ൽ, വിരേന്ദർ സെവാഗ്, ഗ്ലെൻ മാക്സ്വെൽ, കെ.എൽ. രാഹുൽ തുടങ്ങിയവരെല്ലാം കളിച്ച ടീമാണ് പഞ്ചാബ് കിംഗ്സ്. 2024 സീസണിൽ ഒന്പതാമതായിരുന്നു. 3. ഡിസി ഡെൽഹി ഡെയർഡെവിൾസ് എന്ന പേരിൽ 2008 സീസണിൽ കളിച്ച്, 2019 സീസണ് മുതൽ ഡൽഹി ക്യാപ്പിറ്റൽസായി മാറിയ ടീമിനും ഇതുവരെ കിരീടഭാഗ്യം ലഭിച്ചിട്ടില്ല. 2020ൽ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ ഫൈനൽ കളിച്ചതാണ് ഡിസിയുടെ ഏറ്റവും മികച്ച പ്രകടനം. 2024 സീസണിൽ ആറാം സ്ഥാനത്താണ് ക്യാപ്പിറ്റൽസ് ഫിനിഷ് ചെയ്തത്.
Source link