ഗാസയിൽ ഇന്നലെ 85 പേർ കൊല്ലപ്പെട്ടു

കയ്റോ: ഗാസയിൽ ഇസ്രേലി ആക്രമണം തുടരുന്നു. ഇന്നലെ കുറഞ്ഞത് 85 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രേലി സേന ചൊവ്വാഴ്ച വെടിനിർത്തൽ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം 510 പേരെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണു ഹമാസ് അറിയിച്ചത്. ഇസ്രേലി സേന വ്യോമാക്രമണത്തിനു പുറമേ കരയാക്രമണവും ആരംഭിച്ചിട്ടുണ്ട്. ഗാസയുടെ വടക്ക്, തെക്ക് മേഖലകളെ രണ്ടായി വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴി കേന്ദ്രീകരിച്ച് വിപുലമായ ബഫർ സോൺ സൃഷ്ടിക്കാനാണു കരയാക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ആക്രമണമേഖലകളിൽനിന്നു പലസ്തീനികൾ ഒഴിഞ്ഞുപോകാൻ ഇസ്രേലി സേന നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഹമാസ് ഭീകരർ ഇസ്രേലി സേനയെ തിരിച്ചാക്രമിക്കാൻ മുതിർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. വെടിനിർത്തലിനിടെ പുനഃസംഘടിക്കാൻ ശ്രമിച്ച ഹമാസിനു കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
ഗാസ ഭരണകൂടത്തിന്റെ തലവൻ, സുരക്ഷാ വിഭാഗം നേതാവ് തുടങ്ങിയവരടക്കം ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കൾ മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ടു. ഇസ്രേലി ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും മധ്യസ്ഥർ ഇടപെടണമെന്നും ഹമാസ് ഇന്നലെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ മാസമാദ്യം അവസാനിച്ച ഒന്നാംഘട്ട വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം അംഗീകരിക്കാൻ ഹമാസ് തയാറാകാതിരുന്നതിന്റെ പേരിലാണ് ഇസ്രേലി സേന ഗാസയിൽ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.
Source link