പി വി അൻവറിന് വിവരം ചോർത്തി നൽകിയ ഡിവൈ എസ് പിയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണത്തിന്റെ രഹസ്യരേഖകൾ എം.എൽ.എയായിരുന്ന പി.വി.അൻവറിന് ചോർത്തി നൽകിയ ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു. ഡിവൈ.എസ്.പി എം.ഐ.ഷാജിയെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്. ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഷാജി, മേലുദ്യോഗസ്ഥരോടുള്ള പ്രതികാരം തീർക്കാൻ അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന് രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.
ഷാജിയുടെ ടൂർ നോട്ട്, വെഹിക്കിൾ ഡയറി, വീക്ക്ലി ഡയറി, സ്വകാര്യ നമ്പറിലെ ഫോൺവിളി രേഖകൾ എന്നിവ പരിശോധിച്ചപ്പോൾ ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരേ രഹസ്യനീക്കം നടത്തിയതായി കണ്ടെത്തി.അന്വേഷണ റിപ്പോർട്ട് സെൻസേഷൻ കേസിലെ പുറത്ത് നൽകിയത് മുതിർന്ന ഉദ്യോഗസ്ഥനോടുള്ള പ്രതികാരം തീർക്കാനാണ്. മറ്റൊരാളുടെ വിലാസത്തിലെടുത്ത സിം കാർഡ് ഷാജി ഉപയോഗിച്ചതായും കണ്ടെത്തി.
രഹസ്യരേഖയായ അന്വേഷണ റിപ്പോർട്ടുകൾ, പി.വി അൻവർ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പൊലീസുദ്യോഗസ്ഥർക്കെതിരേ ആരോപണമുന്നയിച്ചു. രേഖകൾ ചോർന്നതിൽ ഷാജിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് അച്ചടക്ക നടപടിയെടുക്കാൻ ഡി.ജി.പി ശുപാർശ ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഷാജി കുറ്റക്കാരനാണെന്ന് കണ്ടാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ പാനൽ ഡി.ജി.പി ഉടൻ നൽകാനും നിർദ്ദേശിച്ചു. ആരോപണമുയർന്നപ്പോൾ തിരുവനന്തപുരത്ത് കൺട്രോൾ റൂമിലായിരുന്ന ഷാജിയെ കാസർകോട്ടേക്ക് മാറ്റിയിരുന്നു.
Source link