‘മകൾക്ക് പെരുന്നാൾ വസ്ത്രവുമായി വരാമെന്ന് പറഞ്ഞു, എത്തിയത് ആയുധവുമായി; കൊല്ലുമെന്ന് മുൻപും ഭീഷണി മുഴക്കി’


താമരശ്ശേരി ∙ മൂന്നു വയസ്സുകാരി മകൾ സെന്നുവിനു പെരുന്നാൾ വസ്ത്രവുമായി വരാമെന്നു പറഞ്ഞു പോയ യാസിർ പിന്നീട് ആയുധവുമായി എത്തിയാണ് ഭാര്യ ഷിബിലയെ(23) വെട്ടിക്കൊന്നത്. 2020ൽ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. 3 മാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കിൽ കൊല്ലുമെന്നു യാസിർ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന(44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്. ആംബുലൻസിൽ ആദ്യം സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ഷിബില സംഭവസ്ഥലത്തു തന്നെ മരിച്ചതായി പറയുന്നു. ഷിബില–യാസിർ ദമ്പതികളുടെ കുടുംബ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ഇന്നോ നാളെയോ മധ്യസ്ഥശ്രമം നടക്കാനിരിക്കെയാണ് കൊലപാതകം.


Source link

Exit mobile version