വെള്ളിത്തിരയിൽ വിള്ളൽ വീഴ്ത്തി ‘ഷെയർ’ റിപ്പോർട്ട്; പിടിച്ചുനിന്ന് കുഞ്ചാക്കോ ബോബന്റെ ഓഫിസർ ഓൺ ഡ്യൂട്ടി

കൊച്ചി ∙ മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്. 1.50 കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നു കിട്ടിയ ഷെയർ 10,000 രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി രൂപ(75,23,86,049.00). ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു അഷ്റഫ് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ഓഫിസർ ഓൺ ഡ്യൂട്ടിയാണ് ഫെബ്രുവരിയിലെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയ നമ്പർ– 1 സിനിമ. 13 കോടി മുടക്കിയ സിനിമയ്ക്ക് തിയറ്റർ ഷെയർ മാത്രം 11 കോടിയോളം ലഭിച്ചു. ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.
Source link