ജയ്പുർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ധന്നലാൽ സൈനിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാൽ കുശ്‌വാഹയുമാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ധന്നലാൽ സൈനിയെ ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം മറവുചെയ്യാൻ ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ദീൻദയാൽ കുശ്‌വാഹയുമായുള്ള ഗോപാലി ദേവിയുടെ ബന്ധം ചോദ്യം ചെയ്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. ഗോപാലി ദേവി 5 വർഷമായി ദീൻദയാൽ കുശ്‌വാഹയുമായി പ്രണയത്തിലായിരുന്നു. ഫാക്ടറിയിൽ ജോലി ചെയ്യുകയാണെന്നു കള്ളം പറഞ്ഞാണ് ഇവർ ദീൻദയാലിനെ കാണാൻ പോയിരുന്നത്. സംശയം തോന്നിയ ഭർത്താവ് ശനിയാഴ്ച ഗോപാലിയെ പിന്തുടർന്നു തുണിക്കടയിലെത്തുകയും ദീൻദയാലിനൊപ്പം നിൽക്കുന്നതു കണ്ടുപിടിക്കുകയും ചെയ്തു.ഇതു ചോദ്യം ചെയ്ത ധന്നലാൽ സൈനിയെ ഗോപാലിയും കാമുകനും കൂടി മറ്റൊരു കടയിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചും കയർ കഴുത്തിൽ കുരുക്കിയും ധന്നലാലിനെ കൊലപ്പെടുത്തുകയായിരുന്നു. തെളിവുകളില്ലാതാക്കാൻ മൃതദേഹം കത്തിക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി മൃതദേഹം വെള്ള നിറത്തിലുള്ള കവറിൽ പൊതിഞ്ഞു ബൈക്കിൽ റിങ് റോഡിനു സമീപം കൊണ്ടുപോയി കത്തിച്ചു. ഇതിനിടെ ഒരു കാർ വരുന്നതു കണ്ടു പേടിച്ച പ്രതികൾ സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടതിനാൽ മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്നാണ് ഇരുവരും അറസ്റ്റിലായത്.
Source link
ജോലിക്ക് പോയ ഭാര്യ കാമുകനൊപ്പം തുണിക്കടയിൽ; പിന്തുടർന്നെത്തിയ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് കത്തിച്ചു
