LATEST NEWS

‘എല്ലാ മനുഷ്യരും തുല്യർ’, ട്രാൻ‌സ്ജെൻഡർ സൈനികരെ ഒഴിവാക്കുന്നതിനെതിരെ കോടതി; ട്രംപിന് തിരിച്ചടി


വാഷിങ്ടൻ ∙  ട്രാൻസ്‌ജെൻഡർമാർക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിന്  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് മരവിപ്പിച്ച് കോടതി. ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്നു പ്രസ്താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം പരാമർശിച്ചാണ് യുഎസ് ഫെഡറൽ ജഡ്ജി അന്ന റെയ്സിന്റെ ഉത്തരവ്. ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാനുള്ള ട്രംപിന്റെ നിർദേശം അവരുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാൻ സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ‘‘ഇത് ചൂടേറിയ പൊതു ചർച്ചയ്ക്കും അപ്പീലുകൾക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ രണ്ടും നല്ലതാണ്’’ – കോടതി ഉത്തരവിൽ അന്ന റെയ്സ് പറയുന്നു.ട്രാൻസ്ജെൻഡർ സൈനികരെ ജോലിയിൽനിന്നു നീക്കാൻ യുഎസ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. 15,000 ട്രാൻസ്ജെൻഡർ സൈനികർ പുറത്താക്കപ്പെടുമെന്നാണ് ആക്ടിവിസ്റ്റുകൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്രയും പേരില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകിയ സൂചന. ട്രാൻസ് സൈനികരെ തിരിച്ചറിയാൻ 30 ദിവസത്തിനുള്ളിൽ നടപടിക്രമം ഉണ്ടാക്കുമെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ ഇവരെ പിരിച്ചുവിട്ടു തുടങ്ങുമെന്നും ആണ് പെന്റഗൺ കഴിഞ്ഞ മാസം അറിയിച്ചത്. എന്നാൽ യുദ്ധശേഷിയുള്ളവരെ നിലനിർത്താൻ സർക്കാരിനു താൽപര്യമുണ്ടെങ്കിൽ ഇളവനുവദിക്കാമെന്നായിരുന്നു തീരുമാനം. 


Source link

Related Articles

Back to top button