നോമ്പുതുറ വിഭവങ്ങളിൽ എണ്ണക്കടികളോട് പ്രിയം കുറഞ്ഞെങ്കിലും ഒരു സാധനത്തോടുള്ള ഇഷ്ടം മാറിയില്ല; കൂടുതൽ വിറ്റുപോകുന്നത്

കൊടുങ്ങല്ലൂർ : നോമ്പുതുറയിൽ ഇഷ്ടവിഭവങ്ങളായ എണ്ണക്കടികൾക്ക് പ്രിയം കുറഞ്ഞു. കനത്ത ചൂടിനെ തുടർന്നാണ് എണ്ണക്കടികൾ ഒഴിവാക്കി പകരം ഫ്രൂട്ട്‌സ് ഐറ്റംസിലേക്ക് അധികമാളുകളും തിരിഞ്ഞത്. നോമ്പുതുറ വിഭവ കച്ചവട സ്ഥാപനങ്ങളിൽ എണ്ണക്കടികൾക്കായി മുൻവർഷങ്ങളിലുണ്ടായിരുന്ന തിരക്ക് ഇപ്രാവശ്യം കാണാനില്ല.
എന്നാൽ സമൂസയ്ക്കുള്ള പ്രിയം കുറഞ്ഞിട്ടില്ല. വിൽപ്പനയിൽ ഒന്നാമൻ സമൂസ തന്നെയാണ്. സമൂസയ്ക്ക് പുറമേ നിരവധി വിഭവങ്ങൾ കച്ചവടസ്ഥാപനങ്ങളിൽ നോമ്പുതുറയ്ക്കായി ഉണ്ടാക്കുന്നുണ്ട്. ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്‌പ്പോള, ഉന്നക്കായ, ചിക്കൻ കട്‌ലറ്റ്, വെജിറ്റബിൾ കട്‌ലറ്റ്, മുട്ട ബജി, പഫ്‌സ്, മുളകുവട, ഉള്ളിവട തുടങ്ങിയ വിഭവങ്ങൾ നോമ്പുതുറയോട് അനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിലെ പ്രത്യേക സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.
പൊതുവിൽ എണ്ണക്കടികൾക്ക് പ്രിയം കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വീടുകളിൽ വിഭവങ്ങൾ ഒരുക്കുന്നതാണ് വിൽപ്പനശാലയിൽ കഴിഞ്ഞവർഷത്തെ പോലെയുള്ള തിരക്ക് ഒഴിവാകാൻ കാരണമായതെന്ന് ചേരമാൻ ജുമാ മസ്ജിദിന് സമീപത്തെ വിംബീസ് ബേക്കറി ഉടമ ഷെരീഫ് പറഞ്ഞു.
വീടുകളിൽ ഏത് തരത്തിലും ഉണ്ടാക്കാൻ കഴിയുന്ന വിധം സമൂസ ഷീറ്റ് കച്ചവട സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി കരുതിയിട്ടുണ്ട്. അമ്പത് എണ്ണത്തിന്റെ ലീഫ് യഥേഷ്ടം വിറ്റുപോകുന്നു. നോമ്പുതുറയിൽ പഴം വിപണിയും സജീവമാണ്. ഈന്തപ്പഴം, കാരക്ക (ഉണങ്ങിയ ഈന്തപ്പഴം), അത്തിപ്പഴം, ബദാം പരിപ്പ്, കശുവണ്ടി, ഓറഞ്ച്, തണ്ണിമത്തൻ, കിരൺ, പൈനാപ്പിൾ, മുന്തിരി, ആപ്പിൾ, ഷമാം തുടങ്ങിയവ നോമ്പുതുറയിൽ പ്രിയ ഇനങ്ങളാണ്.
Source link