‘ട്രംപ് നൽകിയ വാഗ്ദാനം പാലിച്ചു; ഇലോൺ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി’

വാഷിങ്ടൻ ∙ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരികെയെത്തിയതിൽ ഇലോൺ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി അറിയിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉറപ്പ് പാലിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ‘‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. 9 മാസം മുൻപാണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങിയ സംഘം സാങ്കേതിക തകരാര്‍ കാരണം ബഹിരാകാശത്ത് കുടുങ്ങിയത്. 9 മാസത്തെ കാത്തിരിപ്പിനു ശേഷം സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിലെത്തി. ഇലോൺ മസ്കിനും നാസയ്ക്കും സ്പേസ് എക്സിനും നന്ദി’’.– വൈറ്റ് ഹൗസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ക്രൂ 9 സംഘത്തിന്റെ തിരിച്ചുവരവിൽ സ്പേസ് എക്സിനെയും നാസയേയും ഇലോൺ മസ്ക് അഭിനന്ദിച്ചു. സ്പേസ് എക്സിനും നാസയ്ക്കും അഭിനന്ദനമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ദൗത്യത്തിനു പ്രധാന്യം നൽകിയ പ്രസിഡന്റ് ട്രംപിനും അദ്ദേഹം നന്ദി അറിയിച്ചു.
Source link