LATEST NEWS

കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ച സംഭവം: 2 പേർ പിടിയിൽ, മറ്റിടങ്ങളിലും ലഹരി എത്തിച്ചോയെന്ന് അന്വേഷണം


കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് വൻതോതിൽ കഞ്ചാവ് പിടിച്ച സംഭവത്തിലെ 2 മുഖ്യകണ്ണികൾ പിടിയിൽ. കഞ്ചാവ് ഇടനിലക്കാര്‍ക്ക് എത്തിച്ചു നൽകിയിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സൊഹൈൽ ഷെയ്ഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സൊഹൈൽ ഷെയ്ഖാണ് കളമശേരി കേസുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത്. എഹിന്ത മണ്ഡലും കഞ്ചാവ് കടത്തിലെ അറിയപ്പെടുന്ന ആളാണെന്ന് പൊലീസ് പറയുന്നു. കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആലുവ സ്വദേശികളായ ആഷിഖ്, ശാലിക് എന്നിവരെ അറസ്റ്റ് ചെയ്തതാണ് ഇതര സംസ്ഥാനക്കാരിലേക്ക് അന്വേഷണം നീളാൻ കാരണം. കഞ്ചാവ് നൽകിയിരുന്നത് ബംഗാൾ സ്വദേശിയായ ‘സൊഹൈൽ ഭായി’ആണെന്നാണ് ഇവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സൊഹൈൽ ആരാണെന്ന് പൊലീസ് മനസിലാക്കിയെങ്കിലും റെയ്ഡ് വിവരമറിഞ്ഞതിനു പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ആലുവയും പെരുമ്പാവൂരും കേന്ദ്രീകരിച്ച് തുടർ അന്വേഷണം നടത്തി വരവെയാണ് മൂവാറ്റുപുഴയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളി  ക്യാംപിൽ ഇയാള്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നതും കളമശേരി പൊലീസ് അവിടെയെത്തി ഇയാളെ പിടികൂടുന്നതും. ഈ സമയത്ത് സൊഹൈലിനൊപ്പം ഉണ്ടായിരുന്ന ആളാണ് മണ്ഡൽ എന്നാണ് അറിയുന്നത്. കളമശേരിയിലെ ‘പെരിയാർ’ ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ ഒരു മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവും മറ്റൊരു മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത മുറിയിൽ താമസിസിച്ചിരുന്ന ആകാശ് ഇപ്പോഴും റിമാൻഡിലുമാണ്. ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്ത മുറിയിലുണ്ടായിരുന്ന അഭിരാജ്, ആദിത്യ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിൽ അഭിരാജ് എസ്എഫ്ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. അഭിരാജിനെ പിന്നീട് എസ്എഫ്ഐ പാർട്ടിയിൽ നിന്ന് പുറത്താക്കി. ആകാശിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കോളജിലെ പൂർവവിദ്യാർഥികളായിരുന്ന ആഷിഖ്, ശാലിക് എന്നിവരിലേക്ക് അന്വേഷണ സംഘമെത്തുന്നത്. ഇതിനിടെ, ശാലിക് ക്യാംപസിലെ കെഎസ്‍യു നേതാവായിരുന്നിട്ടും ഇക്കാര്യം മറച്ചു വയ്ക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് വിതരണത്തിലെ മറ്റൊരു മുഖ്യ കണ്ണിയായ മൂന്നാം വർഷ വിദ്യാർഥി അനുരാജിലേക്ക് അന്വേഷണ സംഘം എത്തുന്നതും പിന്നീട് ഇയാളെ പിടികൂടുന്നതും. 


Source link

Related Articles

Back to top button