‘കേരളമായത് ഭാഗ്യം, അല്ലെങ്കിൽ ആശമാരുടെ മേൽ ടാങ്കുകൾ കയറുമായിരുന്നു’; നജീബ് കാന്തപുരം

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സമരം നിയമസഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അടിസ്ഥാനവർഗത്തിൽപ്പെട്ടവരെ ചേർത്തുനിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്ന് നജീബ് കാന്തപുരം പറഞ്ഞു. സമരങ്ങളുടെ അന്തകരായി ഇടത് സർക്കാർ മാറുകയാണ്. സമരം ചെയ്യുന്നവരെ ആട്ടിപ്പായിക്കലാണ് ഇപ്പോൾ സർക്കാരിന്റെ ജോലിയെന്നും നജീബ് കാന്തപുരം പറഞ്ഞു.
ചൈനയിലെ പോലെ അമിതാധികാരം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ആശമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും മേൽ സർക്കാർ ടാങ്കറുകൾ കയറ്റുമായിരുന്നു. ഇത് കേരളമായത് ഭാഗ്യമാണെന്നും നജീബ് കാന്തപുരം പറഞ്ഞു. ആശാ വർക്കർമാരെ പോലെ തന്നെ അങ്കണവാടി ടീച്ചർമാരെയും സർക്കാർ ചവിട്ടി അരയ്‌ക്കുകയാണെന്നും നജീബ് പറഞ്ഞു. ഇതോടെ ഭരണപക്ഷം ബഹളം വച്ചു. മന്ത്രി വീണാ ജോർജ് എത്ര സമരങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ടെന്ന് നജീബ് ചോദിച്ചതോടെ ബഹളം കുറച്ചുകൂടെ ശക്തമായി.
സമരത്തിൽ പങ്കെടുത്താൽ മാത്രമേ മന്ത്രിയാകാൻ പാടുള്ളു എന്ന് പറയുന്നത് ശരിയല്ലെന്ന് സ്‌പീക്കർ പറഞ്ഞു. സുനിതാ വില്യംസ് ബഹിരാകാശത്ത് നിന്ന് ഇറങ്ങിയിട്ടും ഭരണപക്ഷം ഇപ്പോഴും ആകാശത്തുതന്നെയാണെന്നും നജീബ് പറഞ്ഞു. ഇതോടെ സ്‌പീക്കർ മൈക്ക് ഓഫ് ചെയ്‌തു.
ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിംഗ് ഏത് സമരമുഖത്ത് നിന്നാണ് പ്രധാനമന്ത്രി ആയതെന്ന് പി രാജീവ് ചോദിച്ചു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി സംഘടനകള്‍ എന്തുകൊണ്ടാണ് ആശമാര്‍ക്കൊപ്പം സമരം ചെയ്യാത്തതെന്ന് മന്ത്രി ചോദിച്ചു. അങ്കണവാടി ജീവനക്കാർക്ക് ശമ്പളം കൂട്ടിയത് ഇടതു സര്‍ക്കാര്‍ ആണെന്നും പി രാജീവ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും വേതനത്തിന്റെ 80 ശതമാനവും നല്‍കുന്നത് സംസ്ഥാനമാണ്. ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫ് ആണെന്നും ജീവനക്കാര്‍ക്ക് കടുത്ത ജോലിഭാരമാണെന്നും ആണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്.
Source link