മേപ്പാടി ഉരുൾപൊട്ടൽ: പാറക്കഷ്ണങ്ങളും കല്ലും മണലും നീക്കും; പദ്ധതി ചുമതല ഊരാളുങ്കലിന്, 195.55 കോടി

തിരുവനന്തപുരം ∙ വയനാട്ടിലെ മേപ്പാടിയിൽ ജൂലൈ അവസാനം ഉണ്ടായ ഉരുൾപൊട്ടലിൽ പുന്നപ്പുഴയിൽ അടിഞ്ഞൂകൂടിയ വൻ പാറക്കഷ്ണങ്ങളും കല്ലും മണലും ചരലും ചെളിയും മരങ്ങൾ അടക്കമുള്ളവയും നീക്കം ചെയ്യാൻ 195.55 കോടിയുടെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ സർക്കാർ തീരുമാനം. ഇവ നീക്കം ചെയ്തു പുഴയുടെ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുകയും പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ജലവിഭവ വകുപ്പ് വഴി മുന്നോട്ടുവച്ച പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ഇതിനായി കേന്ദ്ര സർക്കാർ 529.5 കോടി രൂപയുടെ പലിശരഹിത വായ്പയായി അനുവദിച്ച കാപെക്സ് ഫണ്ടിൽ നിന്ന് 65 കോടി രൂപ ചെലവഴിക്കും. ബാക്കി തുക സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കണ്ടെത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ആവശ്യപ്പെട്ടത് അനുസരിച്ച് പദ്ധതിക്കായി ജലവിഭവ വകുപ്പ് കോഴിക്കോട് പ്രോജക്ട് ഒന്നു വിഭാഗം ചീഫ് എൻജിനീയർ 107.95 കോടി രൂപയുടെ എസ്റ്റിമേറ്റാണു സമർപ്പിച്ചത്. എന്നാൽ, ഫെബ്രുവരി 13നു വയനാട് പുനരധിവാസ ടൗൺഷിപ്പ് പദ്ധതിയുടെ സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം പദ്ധതിക്കായി ഊരാളുങ്കലിനെ നാമനിർദേശം ചെയ്യുകയായിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരം ജലസേചനവും അഡ്മിനിസ്ട്രേഷനും വിഭാഗം ചീഫ് എൻജിനീയർ പുന്നപ്പുഴയിലും മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ എസ്റ്റമേറ്റ് തുക 195.5 കോടി രൂപയായി പുതുക്കി.
Source link