‘കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിപ്പോയി’; മോദിയെ പുകഴ്ത്തി തരൂർ, നന്ദി പറഞ്ഞ് ബിജെപി

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി വീണ്ടും വിവാദത്തില്‍. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ തരൂർ പറഞ്ഞു. കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും തരൂർ സമ്മതിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ വാക്കുകൾ ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളില്‍ തരൂരിന് നന്ദി പറഞ്ഞ് കുറിപ്പുമായി രംഗത്തെത്തി. തരൂരിന്റെ ആര്‍ജവവും നിഷ്‌കളങ്കതയും എപ്പോഴും താന്‍ പ്രശംസിക്കുന്നുവെന്ന് സുരേന്ദ്രന്‍ കുറിച്ചു. മോദിയെ ആദ്യം എതിര്‍ത്തുവെന്നും പിന്നീട് മോദിനയതന്ത്രത്തിന്റെ വിജയത്തെ പുകഴ്ത്തുന്നുവെന്നുമുള്ള തരൂരിന്റെ നിലപാട് സ്തുത്യര്‍ഹമാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു വിഭിന്നനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയുടെ ആഗോളരംഗത്തെ വളര്‍ച്ച താങ്കള്‍ കാണുന്നുവെന്നത് പുതുമയുള്ള കാഴ്ചപ്പാടാണെന്നും സുരേന്ദ്രന്‍ കുറിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് തരൂര്‍ പ്രശംസിച്ചത് അടുത്തിടെയാണ് വിവാദമായതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതും. വ്യവസായവളര്‍ച്ചയുമായി ബന്ധപ്പെട്ട കേരളസര്‍ക്കാരിനെ അനുകൂലിച്ച് ലേഖനം കൂടി വന്നതോടെ ഹൈക്കമാന്‍ഡ് തരൂരിനെ ഡല്‍ഹിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ വീണ്ടും മോദിയെ പുകഴ്ത്തി പാര്‍ട്ടിക്കു തലവേദനയാകുന്നത്.
Source link