അവിടെ ഹെലിക്കോപ്റ്റർ, ഇവിടെ സ്പ്ലെൻഡർ: എല്ലായിടത്തും ഒരേയൊരു മോഹൻലാൽ

1993ലായിരുന്നു മിഥുനവും ദേവാസുരവും പുറത്തിറങ്ങിയത്. മിഥുനത്തിലെ മോഹൻലാൽ ‘അളിയൻ ഈ വീട്ടിൽ ഇനി ഈ വീട്ടിൽ ഹലുവ കൊണ്ട് വരരുത്’ എന്ന് നിസഹായനായപ്പോൾ, ദേവാസുരത്തിൽ ‘ഹൃദയം നിറയെ സ്നേഹം കൊണ്ടുനടക്കുന്ന താന്തോന്നിയായി’ താരം. മോഹൻലാലിലെ നടന്റെ ‘സ്വാഗ് സ്വിങ്’ മലയാളിക്ക് പുത്തരിയല്ല. അതുപോലെ ഗംഭീരമായ വ്യത്യാസത്തിൽ രണ്ടു സിനിമകൾ ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങും. ഒന്ന് തരുൺ മൂർത്തിയുടെ ‘തുടരും’, മറ്റൊന്ന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ‘എമ്പുരാൻ’. പലതരം ഉത്തരാധുനിക ആയുധങ്ങളുമായി, വളരെ സ്റ്റൈലിഷായി മോഹൻലാൽ നിറഞ്ഞാടുന്ന എമ്പുരാന്റെ ട്രെയിലർ കുറച്ചു മണിക്കൂറുകൾക്കു മുൻപാണു പുറത്തിറങ്ങിയത്. അൽപസമയത്തിനകം തന്നെ മില്യനിൽ അധികം കാഴ്ചക്കാരുമായി പ്രേക്ഷകരുടെ പ്രതീക്ഷയും പ്രീതിയും വാനോളം ഉയർത്തുകയാണ് എമ്പുരാന്റെ ഓരോ അപ്ഡേറ്റുകളും. അത്രയും ഹൈപ്പോടെയാണ് മോഹൻലാലിന്റെ എമ്പുരാൻ അവതാരപ്പിറവിയെ ആരാധകർ ആഘോഷമാക്കുന്നത്. മോഹൻലാലിന്റെ ലൈനപ്പ് വെളിപ്പെടുത്തി ആസിർവാദ് സിനിമാസ് പുറത്തിറക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഈ വർഷം മോഹൻലാലിന്റേതായി ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു തരുൺ മൂർത്തിയുടെ ‘തുടരും’. പക്ഷേ, ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. തീർത്തും സാധാരണക്കാരനായ വിന്റജ് മോഹൻലാലാണ് ‘തുടരും’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക എന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു. പ്രേക്ഷകർ നെഞ്ചേറ്റുന്ന മോഹൻലാൽ–ശോഭന താരജോഡികളുടെ തിരിച്ചുവരവ് കൂടിയാകും ചിത്രമെന്നാണ് പ്രതീക്ഷ.
Source link