KERALAM

വലയിൽ കുടുങ്ങി കടലാമകൾ; കടൽ കടക്കാനാകാതെ ചെമ്മീൻ

 ഇന്ത്യൻ കടൽച്ചെമ്മീനുകളുടെ നിരോധനം തുടർന്ന് അമേരിക്ക

തൃശൂർ: വലകളിൽ കടലാമകൾ കുടുങ്ങാതെ സംരക്ഷിക്കുന്ന ‘ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്’ ഘടിപ്പിക്കാത്തതിനാൽ കടൽ കടക്കാനാകാതെ ഇന്ത്യൻ കടൽച്ചെമ്മീൻ. അമേരിക്കയിൽ ആറുവർഷം മുമ്പ് ഏ‍ർപ്പെടുത്തിയ ഇന്ത്യൻ കടൽച്ചെമ്മീൻ നിരോധനം തുടരുകയാണ്. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറയാനും കോടികളുടെ നഷ്ടത്തിനും ഇത് കാരണമായി. അമേരിക്കയിൽ കടലാമ സംരക്ഷണത്തിന് വൻ പ്രാധാന്യമാണ്. നേരത്തെ അമേരിക്കയിൽ വർഷവും ഇറക്കുമതി ചെയ്തിരുന്ന ചെമ്മീനിന്റെ 30 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിൽ 60 ശതമാനത്തോളം കേരളത്തിലേതും.

20,000 രൂപയാണ് ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസിന്റെ വില. മത്സ്യലഭ്യത പ്രതിവർഷം കുറയുന്നതിനിടെ ഉപകരണം എങ്ങനെ വാങ്ങുമെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സൗജന്യമായോ സബ്സിഡിയോടെയോ ഉപകരണം നൽകിയിട്ടുമില്ല. ഇന്ത്യയിലെങ്ങും ഉപകരണമില്ല. യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ വില കുറച്ചാണ് കടൽച്ചെമ്മീനെടുക്കുന്നത്. മറ്റ് ചെമ്മീനുകൾക്ക് നിരോധനമില്ല.

ഇന്ത്യയിലും കടലാമസംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കടലാമ പ്രൊജക്ടിലെ റിസർച്ച് അസോസിയേറ്റായ പാർവതി നമ്പ്യാർ പറയുന്നു.

കടലാമകളെ സംരക്ഷിക്കും

ട്രോളിംഗ് വലകളിലും പെലാജിക് വലകളിലുമാണ് കടലാമകൾ അകപ്പെടുന്നത്. മീൻ കൂടിക്കിടക്കുന്ന ഭാഗത്ത് ഡിവെെസ് ഉറപ്പിച്ചാൽ വലയിൽ നിന്ന് കടലാമകൾക്ക് പുറത്തുകടക്കാം. മീൻ പുറത്തുപോകുകയുമില്ല. വലയിൽ കുടുങ്ങിയാണ് കടലാമകളേറെയും നശിക്കുന്നത്. ചെമ്മീൻ, ലോബ്സ്റ്റർ, ട്യൂണ തുടങ്ങിയ വിലയേറിയ സമുദ്രജീവികൾക്ക് പ്രയോജനപ്പെടുന്ന കടൽപ്പുല്ലുകളുടെയും പവിഴപ്പുറ്റുകളുടെയും ആരോഗ്യത്തിന് കടലാമകൾ വേണം. ടൂറിസം മൂല്യവുമുണ്ട്.

സംരക്ഷണത്തിന്റെ ചാവക്കാട് മോഡൽ

കേരളത്തിൽ കൂടുതൽ കടലാമകളുള്ളത് ചാവക്കാട് ബ്ളാങ്ങാട്, ഇരട്ടപ്പുഴ മേഖലയിലാണ്. 2007 മുതൽ ഇവിടങ്ങളിൽ കടലാമസംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആമകളുടെ മുട്ടകൾ സംരക്ഷിച്ച് കടലിലേക്ക് ഒഴുക്കിവിടും. വനംവകുപ്പും ഫൈറ്റേഴ്‌സ് ടർട്ടിൽ ക്ലബ് അടക്കമുള്ള സംഘടനകളും ചേർന്നാണ് സംരക്ഷണമൊരുക്കുന്നതെന്ന് ക്ളബ് ഭാരവാഹി സജിൻ ആലുങ്കൽ പറഞ്ഞു.


കടലാമകളെ രക്ഷിക്കാനുള്ള ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അമേരിക്ക.

– ഡോ. ഗ്രിൻസൺ ജോർജ്, ഡയറക്ടർ,

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം


Source link

Related Articles

Back to top button