EXPlANER എൻഇപി തുറന്നുവിട്ട വിവാദം, പ്രക്ഷോഭത്തിരയടങ്ങാതെ തമിഴ്നാട്; എന്താണ് ത്രിഭാഷാ നയം?

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020)ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ മുതൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയതാണ്. ത്രിഭാഷാ നയത്തിന്റെ പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാടിന്റെ പ്രതിഷേധം. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധ സ്വരമുയർന്ന ത്രിഭാഷാ നയം എന്നാൽ എന്താണ്? പരിശോധിക്കാം.∙ എന്താണ് ത്രിഭാഷാ നയംഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം (എൻഇപി 2020) നടപ്പിലാക്കിയത്. ഇതിലാണ് ത്രിഭാഷാ നയത്തെപറ്റി പ്രതിപാദിക്കുന്നത്. മാതൃഭാഷയ്ക്കും ഇംഗ്ലിഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷ കൂടി സ്കൂൾ തലം മുതൽ പഠിപ്പിക്കുക എന്നതാണ് ത്രിഭാഷാ നയത്തിന്റെ ലക്ഷ്യം. സർക്കാർ സ്വകാര്യ സ്കൂളുകൾക്കെല്ലാം ത്രിഭാഷാ നയം ബാധകമാണ്. 3 ഭാഷകളിൽ ഏതെങ്കിലുമൊന്ന് പഠന മാധ്യമമാകാം എന്നാണ് ത്രിഭാഷാ നയം പറയുന്നത്. പഠിക്കേണ്ടതിൽ 2 ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകൾ ആയിരിക്കണം. 3 ഭാഷകളിൽ വിദ്യാർഥികൾക്ക് പ്രാവീണ്യം നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. കോത്താരി കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസ നയം (1968) രൂപീകരിച്ചത്. ത്രിഭാഷാ നയത്തെ പറ്റി ആദ്യമായി പറയുന്നതും അതേ വിദ്യാഭ്യാസ നയത്തിലാണ്. 2020ന് പുറമേ 1986ലും 1968ലും ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിച്ചു.
Source link