മുട്ട ക്ഷാമം രൂക്ഷം; കയറ്റുമതി ആവശ്യം നിരസിച്ച് ഫിൻലൻഡ്, ലിത്വാനിയയെ സമീപിച്ച് യുഎസ്

വാഷിങ്ടൺ: രാജ്യത്ത് മുട്ട ക്ഷാമം രൂക്ഷമായതോടെ പുതിയ മാർഗങ്ങൾ തേടി അമേരിക്ക. മുട്ടയ്ക്കായി യുഎസ് ഇപ്പോൾ ലിത്വാനിയയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിൻലൻഡ്, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായും എന്നാൽ ഫിൻലൻഡ് ഇതിനോടകം വിസമ്മതം അറിയിച്ചതായും ഡാനിഷ് മാസികയായ അഗ്രിവാച്ചിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് മുട്ട കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് അമേരിക്ക ലിത്വാനിയയെ സമീപിച്ചത്. വാഴ്സോയിലെ യുഎസ് എംബസി മുട്ട കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും ലിത്വാനിയൻ കമ്പനികളുടെ മേധാവികളുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും ലിത്വാനിയൻ പൗൾട്രി അസോസിയേഷന്റെ തലവനെ ഉദ്ധരിച്ച് എൽആർടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായും മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Source link