LATEST NEWS

വിഴിഞ്ഞം തുറമുഖത്തേക്ക് ഭൂഗർഭ റെയിൽപാത; ചെലവ് 1482.92 കോടി, ഡിപിആറിന് അംഗീകാരം


തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്‍പറേഷൻ ലിമിറ്റഡ്  തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന് (ഡിപിആര്‍) മന്ത്രിസഭായോഗം അനുമതി നല്‍കി.  1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുന്‍പ് റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം-മുക്കോല-ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗര്‍ഭ പാത കടന്നുപോകുന്നത്. വിഴിഞ്ഞം – ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക. കരിമ്പള്ളിക്കര ഭാഗത്തു വന്നിറങ്ങുന്ന പാത ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാത്തവിധം തൂണുകള്‍ക്കു മുകളിലൂടെയാവും തുറമുഖത്തേക്ക് നീളുക. ഇതിനായി അര ഹെക്ടറോളം ഭൂമിയും വേണ്ടി വരും. വിഴിഞ്ഞത്തു നിന്നു തുടങ്ങി മുടവൂപ്പാറയില്‍ എത്തി നേമത്തേക്കും നെയ്യാറ്റിന്‍കര ഭാഗത്തേക്കും തിരിയുന്ന രീതിയിലാണ് രൂപരേഖയെന്നു നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു. 


Source link

Related Articles

Back to top button