ലഹരിക്കെണിയിൽ താമരശ്ശേരി, ബെംഗളൂരു റാക്കറ്റ് സജീവം; ലഹരി കിട്ടാതെയും വിഭ്രാന്തി, രണ്ട് മാസത്തിനിടെ 3 കൊലപാതകങ്ങൾ

കോഴിക്കോട് ∙ തുടരെ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നതിൽ വിറങ്ങലിച്ച് താമരശ്ശേരി. രണ്ട് മാസത്തിനിടെ മൂന്നു പേരാണ് താമരശ്ശേരി പ്രദേശത്ത് മൃഗീയമായി കൊല്ലപ്പെട്ടത്. ജനുവരി പതിനെട്ടിനാണ് അടിവാരം സ്വദേശി സുബൈദയെ മകൻ കഴുത്തറത്തു കൊന്നത്. മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് മകൻ ആഷിഖ് സുബൈദയെ കഴുത്തറത്തു കൊന്നത്. മാർച്ച് ഒന്നിനാണ് താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ ഷഹബാസ് ഒരു കൂട്ടം വിദ്യാർഥികളുടെ മർദനമേറ്റ് കൊല്ലപ്പെട്ടത്. ഇതിന്റെ വേദന മാറും മുൻപ് നാടിനെ ഞെട്ടിച്ച് ഇന്നലെ വൈകിട്ട് വീണ്ടും കൊലപാതകം അരങ്ങേറി. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് യാസറിന്റെ കുത്തേറ്റ് ഭാര്യ ഷിബിലയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹിമാൻ, മാതാവ് ഹസീന എന്നിവർ ചികിത്സയിലാണ്.താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാമെങ്കിലും പൊലീസും എക്സൈസും ഇടപെടുന്നില്ലെന്ന് നാട്ടുകാർക്ക് വ്യാപക ആക്ഷേപമുണ്ട്. റോഡിനോട് ചേർന്ന് മദ്യം വിൽക്കുകയായിരുന്ന ആളോട് മാറിപ്പോകണമെന്ന് പറഞ്ഞതിനു കട്ടിപ്പാറയിൽ കഴിഞ്ഞ ദിവസം മധ്യവയസ്കന് മർദനമേറ്റു. കട്ടിപ്പാറ ഇരൂൾക്കുന്നിൽ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് മർദനമേറ്റത്. ഇതിന് മുൻപും താമരശ്ശേരി കേന്ദ്രീകരിച്ച് ഒട്ടേറെപ്പേർക്ക് ലഹരി മരുന്ന് സംഘത്തിന്റെ മർദനമേറ്റിട്ടുണ്ട്. അതിനാൽ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ പ്രതികരിക്കാൻ ഭയക്കുകയാണ്.അടുത്തിടെ പൊലീസും എക്സൈസും നടത്തിയ പരിശോധനകളിൽ ഒട്ടേറെപ്പേരെ രാസലഹരി വസ്തുക്കളുമായി പിടികൂടിയിരുന്നു. കിലോക്കണക്കിന് കഞ്ചാവും പിടികൂടി. എന്നാൽ ഇപ്പോഴും ലഹരി മരുന്ന് സംഘം സജീവമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ വൈകിട്ടും കൊലപാതകം അരങ്ങേറിയത്. ബെംഗളൂരുവിൽ നിന്നുള്ള പല ലഹരി മരുന്ന് ഇടപാടുകാരും താമരശ്ശേരി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസിനും എക്സൈസിനും കൃത്യമായി വിവരമുണ്ട്. താമരശ്ശേരി കേന്ദ്രീകരിച്ച് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ലഹരി മരുന്നിന് അടിമകളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഷഹബാസിന്റെ മരണത്തിനു ശേഷം കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ലഹരി മരുന്ന് മാഫിയയുടെ ഇടപെടൽ ഉൾപ്പെടെ അന്ന് ചർച്ചയായിരുന്നു. പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉയർന്നു.
Source link