‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു


കണ്ണൂർ ∙ നാലു മാസം പ്രായമുള്ള കുഞ്ഞിനെ പന്ത്രണ്ട് വയസ്സുള്ള സഹോദരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതിയിലേക്കെത്താൻ വളപട്ടണം പൊലീസിനെ തുണച്ചത് മൊഴികളിലെ വൈരുധ്യം. കുഞ്ഞിന്റെ മാതാപിതാക്കൾക്കൂടി സംശയം പ്രകടിപ്പിച്ചതോടെ കുഞ്ഞിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയിരുന്ന 12 വയസ്സുകാരി കുറ്റസമ്മതം നടത്തുകയായിരുന്നു. മരിച്ച കുഞ്ഞ് കിടന്നിരുന്ന മുറിയിൽ ബന്ധുവായ 12 വയസ്സുള്ള കുട്ടിയും നാട്ടിലേക്കു പോയ ബന്ധുവിന്റെ നാലു വയസ്സുകാരി മകളുമുണ്ടായിരുന്നു.രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് 5 മിനിറ്റു കൊണ്ടു തിരിച്ചുവന്നെന്നു പറഞ്ഞു. രാത്രി ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കണ്ടെന്നുകൂടി പറഞ്ഞതോടെ സംശയം വർധിച്ചു. എന്നാൽ, മുറിയുടെ വാതിൽ അകത്തുനിന്നു തന്നെ തുറന്ന നിലയിലായിരുന്നതിനാൽ മുറിക്കകത്തുള്ളവർ തന്നെയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.കുഞ്ഞിനോടുള്ള വൈരാഗ്യം 12 വയസ്സുകാരി നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് കുഞ്ഞിന്റെ വാക്സീൻ എടുത്ത രേഖകളും മറ്റും പെൺകുട്ടി പുറത്തേക്ക് എറി‍ഞ്ഞിരുന്നു. ആഴ്ചകൾ മുൻപ് വീട്ടിലെ രണ്ടു മൊബൈൽ ഫോണുകളും രേഖകളും നഷ്ടപ്പെട്ടിരുന്നു. തിരച്ചിൽ നടത്തിയപ്പോൾ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു ലഭിക്കുകയായിരുന്നു.


Source link

Exit mobile version