രാഷ്ട്രീയ നേതാക്കൾക്കെതിരേ പത്തു വർഷത്തിനിടെ 193 ഇഡി കേസുകൾ

ന്യൂഡൽഹി: എംപിമാർ, എംഎൽഎമാർ എന്നിവരടക്കം രാഷ്ട്രീയ നേതാക്കൾക്കെതിരേ 10 വർഷത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 193 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രം. സിപിഎം എംപി എ.എ. റഹിമിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് 2015 ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കുകൾ കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തിയത്. ഇതേ കാലയളവിൽ രണ്ടുപേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസുകളിൽ സമീപവർഷങ്ങളിൽ വർധനയുണ്ടോയെന്ന റഹിമിന്റെ ചോദ്യത്തിന് അത്തരം വിവരങ്ങൾ ലഭ്യമല്ല എന്നായിരുന്നു മറുപടി. വിശ്വസനീയമായ തെളിവുകളുടെ ബലത്തിലാണ് ഇഡി കേസുകൾ രേഖപ്പെടുത്തുന്നതെന്നും രാഷ്ട്രീയബന്ധം, മതം തുടങ്ങിയ കാരണങ്ങളാൽ വിവേചനം കാണിക്കാറില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. അഴിമതി കേസുകളിലെ കുറഞ്ഞ ശിക്ഷാനിരക്കിനെക്കുറിച്ചു പല അവസരങ്ങളിൽ സുപ്രീംകോടതിയും സൂചിപ്പിച്ചിട്ടുണ്ട്. 10 വർഷത്തിനിടെ ഇഡി രേഖപ്പെടുത്തിയ 5000 കേസുകളിൽ 40 എണ്ണത്തിൽ മാത്രമേ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുളളൂവെന്നും വിചാരണ ശക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു 911 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്രം പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിൽ 654 കേസുകളുടെ വിചാരണ പൂർത്തിയായെങ്കിലും 42 കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 6.42 ശതമാനം മാത്രമാണ് ശിക്ഷാനിരക്ക്. ബിജെപിയിൽ ചേർന്നതിനു ശേഷം 25 പ്രതിപക്ഷ നേതാക്കളുടെ കേസുകൾ പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നു ഒരു ദേശീയ ദിനപത്രം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് ഇഡിയുടെ കേസ് ലിസ്റ്റിൽനിന്ന് പേര് ഒഴിവാക്കപ്പെട്ട പ്രമുഖർ.
Source link