തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം ; കേസ് ഏപ്രിൽ 16ന് പരിഗണിക്കും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച ഹർജി ഏപ്രിൽ 16ന് സുപ്രീംകോടതി പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനായുള്ള സെലക്ഷൻ പാനലിൽനിന്ന് ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. 38ാമത്തെ കേസായിട്ടാണ് വിഷയം കോടതി പരിഗണിക്കുക. നേരത്തേ ലിസ്റ്റ് ചെയ്യണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 2023 മാർച്ചിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാൻ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, കമ്മീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം ഇതേവർഷം ഡിസംബറിൽ കേന്ദ്രസർക്കാർ പാസാക്കി.
പുതിയ നിയമമനുസരിച്ച് സെലക്ഷൻ പാനലിൽനിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി. ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കേ പുതിയതായി പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണു ചോദ്യം ചെയ്യപ്പെടുന്നത്.
Source link