തൊടുപുഴ നഗരസഭയിൽ ഭരണംപിടിച്ച് യുഡിഎഫ്; അവിശ്വാസപ്രമേയത്തെ പിന്തുണച്ച് ബിജെപി

തൊടുപുഴ∙ ബിജെപി പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ ഭരണംപിടിച്ച് യുഡിഎഫ്. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ 4 ബിജെപി അംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു. 35 അംഗ നഗരസഭാ കൗണ്‍സിലിൽ എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇതിൽ നാലു പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ബിജെപിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. പ്രമേയത്തെ എതിർത്ത് 12 പേർ വോട്ടു ചെയ്തു.ചെയർപഴ്സൻ സബീന ബിജുവിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും വികസന പ്രവർത്തനങ്ങളിൽ നഗരസഭ ഏറെ പിന്നാക്കം പോകുന്ന അവസ്ഥയിലാണെന്നും ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. 2024 -25 വർഷത്തെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആരാധനാലയങ്ങളിൽ പ്രധാന ആഘോഷങ്ങൾ നടക്കുമ്പോൾ നഗരം ഇരുട്ടിൽ ആക്കിയെന്നും യുഡിഎഫ് ആരോപിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിർദേശം മറികടന്നാണ് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്. അതേസമയം, യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ബിജെപി കൗണ്‍സിലര്‍മാരായ ടി.എസ്.രാജന്‍, സി.ജിതേഷ്, ജിഷ ബിനു, കവിത വേണു എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ബിജെപി തങ്ങളുടെ എട്ട് കൗണ്‍സിലര്‍മാര്‍ക്കും വിപ്പ് നല്‍കിയിരുന്നു. മൂന്ന് പേര്‍ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിച്ചു. ഒരാള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല. 4 പേര്‍ വിപ്പ് ലംഘിച്ച് യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
Source link